പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവം 29 മുതൽ തിരുവല്ലയിൽ; തിരുമൂലപുരം എസ്.എൻ.വി എച്ച്.എസ് മുഖ്യവേദി

പത്തനംതിട്ട: നാലു നാൾ നീളുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്​ തിരുവല്ലയിൽ ഒരുക്കങ്ങളാകുന്നു. 29 മുതൽ ഡിസംബർ രണ്ടുവരെ തിരുവല്ല തിരുമൂലപുരത്താണ്​ കൗമാരകലയുടെ വസന്തോൽസവം.

തിരുമൂലപുരം എസ്.എൻ.വി എച്ച്.എസ് മുഖ്യവേദിയായി നടക്കുന്ന കലോത്സവത്തിൽ ബാലികാമഠം എച്ച്.എസ്.എസ്, സെന്‍റ് തോമസ് എച്ച്.എസ്.എസ്, തിരുമൂലവിലാസം യു.പി.എസ്, എം.ഡി.ഇ.എം.എൽ.പി.എസ് എന്നീ സ്കൂളുകളും വേദികളാകും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളുടെ കലോത്സവങ്ങൾക്കൊപ്പം സംസ്കൃതം, അറബി കലോത്സവങ്ങളും നടക്കും. 12 പ്രധാന വേദികളും അഞ്ച് ഉപവേദികളും മത്സരങ്ങൾക്കായുണ്ടാകുമെന്ന് ജനറൽ കൺവീനർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. രേണുകാഭായ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിലെ 11 ഉപജില്ലകളിൽ നടന്ന കലോത്സവത്തിൽ വിജയികളായ പ്രതിഭകളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിന് തുടക്കം കുറിച്ച് 29നു രാവിലെ ഒന്പതിന് പ്രധാന വേദിയിൽ പതാക ഉയരും. തുടർന്നു നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ശ്രീലക്​ഷ്മി. ആർ കലാമത്സരം ഉദ്ഘാടനം ചെയ്യും. ഡിസംബർ രണ്ടിനു വൈകുന്നേരം 5.30ന് സമാപന സമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയാകും.

12 വേദികൾ, 4203 മത്സരാർഥികൾ

നാലുദിവസത്തെ ജില്ലാതല കലോത്സവത്തിൽ 4203 കുട്ടികളാകും വിവിധ ഇനങ്ങളിലായി മത്സരിക്കാനുണ്ടാകുക. യുപി വിഭാഗത്തിൽ 1144, ഹൈസ്കൂളിൽ 1779, ഹയർ സെക്കൻഡറിയിൽ 1280 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം. ഉപജില്ലാ മത്സരങ്ങളിലെ അപ്പീലുകളുമായി പങ്കെടുക്കുന്നവർ കൂടിയാകുമ്പോൾ മത്സരാർഥികളുടെ എണ്ണം ഉയരും.

ഉപജില്ലാതല മത്സരത്തിലെ വിജയികളായവർ പ്രതിനിധാനം ചെയ്യുന്ന 209 സ്കൂളുകളാണ് മത്സരിക്കാനുണ്ടാകുക. യുപി വിഭാഗത്തിൽ 36, ഹൈസ്കൂൾ വിഭാഗത്തിൽ 91, ഹയർ സെക്കൻഡറിയിൽ 102 ഇനങ്ങളിലുമാണ് മത്സരങ്ങൾ.

സംസ്കൃതോത്സവത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ 19 വീതം ഇനങ്ങളിലും അറബിക് കലോത്സവത്തിൽ യുപിയിൽ 13 ഇനങ്ങളിലും എച്ച്.എസ് വിഭാഗത്തിൽ 19 ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് എസ്.എൻ.വി സ്കൂളിലെ പ്രധാന വേദിയിൽ വട്ടപ്പാട്ട് മത്സരവും തുടർന്ന് ഒപ്പനയുമണ്. തിരുമൂലവിലാസം യു.പി.എസ് വേദിയിൽ അന്നേദിവസം ഭരതനാട്യവും ബാലികാമഠം സ്കൂൾ വേദിയിൽ നാടൻപാട്ട്, വഞ്ചിപ്പാട്ട് മത്സരങ്ങളും നടക്കും.

രചനാ മത്സരങ്ങൾ സെന്‍റ് തോമസ് സ്കൂളിലാണ്. കലോത്സവ മത്സരങ്ങളുടെ വിധികർത്താക്കളുടെ പാനൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും ഡി.ഡി.ഇ പറഞ്ഞു. രണ്ടാംദിനം മുതലുള്ള മത്സരങ്ങൾ രാവിലെ ഒമ്പതിനു തന്നെ ആരംഭിക്കും. വാർത്തസമ്മേളനത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ ബിനു ജേക്കബ് നൈനാൻ, പി. ചാന്ദിനി, കെ.എം.എം. സലിം, മുഹമ്മദ് അക്ബർ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Pathanamthitta District School Arts Festival at Thiruvalla from 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.