പത്തനംതിട്ട: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വരുംദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് നല്കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.
ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടാണുള്ളത്. 14നും 15നും മഞ്ഞ അലര്‍ട്ടും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയുണ്ടായേക്കാം. ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. അടച്ചുറപ്പില്ലാത്ത, മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷ മുന്‍നിർത്തി മാറി താമസിക്കുന്നതാണ് ഉചിതം.
സ്വകാര്യ-പൊതുഇടങ്ങളില്‍ അപകടവസ്ഥയിലുള്ള മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങള്‍ കോതിയൊതുക്കണം. ദുരന്തസാധ്യതാമേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.