ശബരിമല ഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണം, പ്രകോപനമുണ്ടായാൽ ആത്മസംയമനം കൈവിടരുത്; പൊലീസ് സേനക്ക് കർശന നിർദേശം

ശബരിമല: ശബരിമലയിൽ ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണമെന്ന് പൊലീസിന് കർശന നിർദേശം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്. ഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുത്. തിരക്ക് നിയന്ത്രിക്കാൻ വടിയെടുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗം വിലക്കി. സി.സി.ടി.വിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും. ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങൾ ഉയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം.

കാക്കി പാന്‍റ്സ് ധരിച്ചെത്തുന്നവരെ പരിശോധന കൂടാതെ കടത്തിവിടരുത്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡ് നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുതെന്നും പൊലീസിനുള്ള നിർദേശങ്ങൾ പറയുന്നു.

അതേസമയം, ശബരിമലയിൽ പൊലീസ് സേനയുടെ രണ്ടാം ബാച്ച് ചുമതലയേറ്റു. ശബരിമല ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷൽ ഓഫിസർ എസ്.പി കെ.ഇ ബൈജു പുതുതായി ചുമതലയേൽക്കുന്ന 1400 ഓളം ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഡിസംബർ ആറു വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി.

ഇന്റലിജൻസ് /ബോംബ് സ്‌ക്വാഡ് ടീമും ചുമതലയേറ്റു. പത്തനംതിട്ട എസ് പി വി.ജി വിനോദ് കുമാർ, ഡിവൈ എസ്.പി മാർ മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Sabarimala devotees should be addressed as 'Swami'; Strict instructions to the police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.