നവീകരണം പൂർത്തിയായ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡ് യാർഡ്
പത്തനംതിട്ട: ഹാജി സി. മീരാസാഹിബ് നഗരസഭ ബസ് സ്റ്റാൻഡ് മൂന്നാം യാർഡ് ഫെബ്രുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം ഇതോടെ പൂർണതോതിലാകും. ഭൂമിയുടെ പ്രത്യേകതയും അശാസ്ത്രീയ നിർമാണവും കാരണം വർഷങ്ങളായി തകർന്നുകിടന്ന ബസ് സ്റ്റാൻഡ് യാർഡിന് ശാസ്ത്രീയ നിർമാണത്തിലൂടെ പുനർജീവൻ നൽകിയിരിക്കുകയാണ് നഗരസഭ ഭരണസമിതി.
വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം മുന്നോട്ടുവെച്ച നിർദേശങ്ങളുടെയും, പൊതുജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തി തയാറാക്കി അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിർദേശിക്കപ്പെട്ട പദ്ധതിയാണ് വിജയകരമായി പൂർത്തിയാകുന്നത്.
നിലവിലെ തറയിൽനിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി.എസ്.പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് ഒന്നാം യാർഡ് ഒരുക്കിയത്. വിപുലമായ ഡ്രെയിനേജ് സംവിധാനവും യാർഡിനോടൊപ്പം തയാറാക്കി. നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ ഘട്ടംഘട്ടമായി നടത്തിയത്.
ലഭ്യമായ അഞ്ച് ഏക്കർ സ്ഥലം പൂർണമായി ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമാണം. കിഴക്ക് വശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി.
പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട് എന്നിവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കി തണൽ മരങ്ങൾ വച്ചു പിടിപ്പിച്ചാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ബസ് സ്റ്റാൻഡിനെ ചുറ്റി 500 മീറ്ററോളം നീളത്തിൽ നടപ്പാത ഒരുങ്ങുന്നുണ്ട്. ജില്ല സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത-സായാഹ്ന സവാരിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിങ് സൗകര്യവും നടപ്പാതയോട് ചേർന്ന് സജ്ജീകരിക്കും.
പത്തനംതിട്ട മാസ്റ്റർപ്ലാൻ വിഭാവനം ചെയ്ത മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ ഭാഗമായ പ്രവൃത്തികളാണ് പൂർത്തിയാകുന്നത്.
സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന ഹാപ്പിനസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം എന്നിവ പുരോഗമിക്കുകയാണ്. മുകൾനിലയുടെ നിർമാണം ഉടൻ ആരംഭിക്കും. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷൽ അസ്സിസ്റ്റന്റ്സ് പദ്ധതി പ്രകാരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.