പത്തനംതിട്ട: സി.പി.എം വിഭാഗീയത മൂർച്ഛിച്ച് പത്തനംതിട്ട നഗരസഭയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ അസഭ്യവർഷം. സി.പി.എം കൗൺസിലർ വി.ആർ. ജോൺസനാണ് എസ്.ഡി.പി.ഐ അംഗങ്ങളെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടത്. ഇത് വിവാദമായി.
'എസ്.ഡി.പി.ഐ പട്ടികളുടെ ഔദാര്യത്തിൽ അല്ല പത്തനംതിട്ട നഗരസഭ കൗൺസിലർ സ്ഥാനമെന്നും വർഗീയവാദം തുലയട്ടെ' എന്നുമാണ് ഞായറാഴ്ച രാത്രി ജോൺസെൻറ പോസ്റ്റ് വന്നത്. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ എസ്.ഡി.പി.ഐക്ക് വഴിവിട്ട സഹായങ്ങൾ ചെയ്യുന്നതായും സി.പി.എമ്മിെൻറ പല കൗൺസിലർമാരെയും അവഗണിക്കുന്നതായും പാർട്ടിയിൽ പരാതി ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു വിവാദം. സി.പി.എം പ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഇതു സംബന്ധിച്ച് ആരോപണം ഉയരുന്നുണ്ട്.
തങ്ങളുടെ ഏക പ്രതിനിധി സുമേഷ് ബാബുവിനെ ഒഴിവാക്കി എസ്.ഡി.പി.ഐ കൗൺസിലർ ഷെമീറിനെ സ്ഥിരം സമിതി അധ്യക്ഷൻ ആക്കിയതിൽ സി.പി.ഐ പരസ്യമായി ചെയർമാനെതിരെ പ്രതികരിച്ചിരുന്നു. പല വാർഡിലും ആനുകൂല്യങ്ങൾ നൽകുമ്പോൾ എസ്.ഡി.പി.ഐക്ക് കിട്ടുന്ന പ്രാധാന്യം തങ്ങൾക്ക് കിട്ടുന്നിെല്ലന്ന് സി.പി.എം കാൺസിലർമാരുടെ ഇടയിൽ പരാതി ഉണ്ട്.
ജോൺസനും ഇദ്ദേഹത്തെ അനുകൂലിക്കുന്ന ഡി. വൈ.എഫ്.ഐ പ്രവർത്തകരും സമൂഹ മാധ്യമങ്ങളിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ വിവരമില്ലായ്മ പാർട്ടി പഠനക്ലാസിലാണ് പരിഹരിക്കേണ്ടതെന്ന് എസ്.ഡി.പി. ഐ കൗൺസിലർ എസ്. ഷെമീർ വാട്സ്ആപ് ഗ്രൂപ്പിൽ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. തങ്ങൾ ആരെയെങ്കിലും ജയിപ്പിച്ചുവെന്നോ ആരെയെങ്കിലും പിന്തുണച്ചുവെന്നോ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം ചർച്ച ഔദ്യോഗിക ഗ്രൂപ്പിലല്ല നടത്തേണ്ടതെന്നും പറയുന്നുണ്ട്.
എസ്.ഡി.പി.ഐയുടെ പിന്തുണയോടെ സക്കീർ ഹുസൈൻ ചെയർമാനായി ഭരണത്തിൽ വന്നതോടെയാണ് പാർട്ടിയിൽ ചേരിപ്പോര് ആരംഭിച്ചത്. എസ്.ഡി.പി.ഐ പിന്തുണയോടെ ഭരിക്കുന്നതിൽ സി.പി.എമ്മിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. പാർട്ടി സമ്മേളനത്തിെൻറ ഭാഗമായി താഴെതട്ടിൽ അടുത്തമാസം തുടങ്ങുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇത് കടുത്ത ചർച്ചകളിലേക്ക് നീങ്ങും.
ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറിന് അനുമതി നൽകിയതിെനത്തുടർന്ന് മന്ത്രി വീണ ജോർജിന് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിെൻറ പേരിൽ കൊടുന്തറയിലെ ഒരു ഡി.വൈ.എഫ്.ഐ നേതാവിനെ സക്കീർ ഹുസൈനെ അനുകൂലിക്കുന്ന വിഭാഗം താക്കീത് ചെയ്ത് സ്ഥാനങ്ങളിൽനിന്ന് മാറ്റിയിരുന്നതായും പറയുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ ഒടുവിൽ മാറ്റിയെത്ര.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സക്കീർ ഹുസൈനും ചിലരും സജീവമായി പ്രവർത്തിച്ചില്ലെന്ന പരാതി നേരേത്ത വീണ ജോർജ് ഉന്നയിച്ചിരുന്നതായും പറയുന്നു. എസ്.ഡി.പി.ഐയുടെ ഫ്രീഡം പരേഡിൽ മുന്നിൽ തൊപ്പിയും വെച്ച് നടന്നവർ ഭരണം കിട്ടിയപ്പോൾ പത്തനംതിട്ടയിലെ സി.പി.എം നേതാക്കളുടെ പ്രിയപ്പെട്ടവരായതായും ഡി.വൈ.എഫ്.ഐ നേതാക്കൾ ഫേസ് ബുക്കിലൂടെ കുറ്റപ്പെടുത്തുന്നുണ്ട്. അടുത്തിടെ പത്തനംതിട്ട ലോക്കൽ കമ്മിറ്റി വിഭജിച്ചതും വലിയ വിഭാഗീയതക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.