പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് നിലക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് കലക്ടര്‍ എസ്. പ്രേം കൃഷ്ണന്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം, വാട്ടര്‍ അതോറിറ്റി, എന്‍.എച്ച് എന്നിവയുടെ ഇലവുങ്കല്‍വരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി.
നിലക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ പരിശോധിച്ചു. മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, കന്നാംപാലം, മാടമണ്‍, കൂനങ്കര, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പ്രവൃത്തികളുടെ പുരോഗതിയും വിശകലനം ചെയ്തു.
നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിനായി മരങ്ങള്‍ മുറിക്കുകയാണ്. പാറകളും കല്ലുകളും മാറ്റുന്നുമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ കലക്ടര്‍ നിർദേശം നല്കി.
പത്തനംതിട്ട-പമ്പ റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം, എന്‍.എച്ച് വകുപ്പുകളുടെ പ്രവൃത്തികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റോഡില്‍ അപകടകരമായി നില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റണം. റോഡരികുകളിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ വേലികള്‍ ഉറപ്പാക്കണം. റോഡിലേക്ക് പടര്‍ന്ന കാട് വെട്ടിത്തെളിക്കണം. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ടാറിങ് സമയബന്ധതിമായി പൂര്‍ത്തിയാക്കണം.
വാട്ടര്‍ അതോറിറ്റിയുടെ നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രവൃത്തി ഉള്‍പ്പെടെയുള്ളവ തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ പ്രത്യേക നിർദേശവും നല്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കലക്ടറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.