പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് പത്തനംതിട്ട ജില്ല പ്രൈവറ്റ് ബസ്ഓപറേറ്റേഴ്സ് അസോ. ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യാത്ര ചെയ്യുന്നവരിൽ 80 ശതമാനത്തിലധികം പേരും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്.
സംസ്ഥാനത്ത് 34,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് മാറി വന്ന സർക്കാറുകളുടെ തെറ്റായ ഗതാഗത നയം കാരണം 7000 ആയി ചുരുങ്ങി. ബസ്സർവിസ് രണ്ടോ നാലോ വർഷംകൊണ്ട് നിരത്തൊഴിയുമെന്ന സ്ഥിതിയാണ്.
സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികം വരുന്ന വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഇപ്പോഴും പഴയ രീതിയിൽ തുടരുന്നതിനാൽ ഒരു ലിറ്റർ ഡീസൽ അടിക്കണമെങ്കിൽ 97 വിദ്യാർഥികളെ ബസിൽ കയറ്റണം. വിദ്യാർഥികളുടെ സൗജന്യ യാത്രക്ക് കാലോചിതമായ പരിഷ്കാരം നടത്തണം.
നിലവിലെ ബസുകളെങ്കിലും നിലനിർത്തുന്നതിന് വേണ്ടിയുള്ള അടിയന്തര ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ജൂൺ അഞ്ച് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുകയാണന്നും ഭാരാവാഹികൾ പറഞ്ഞു. സമരത്തിൽ ജില്ലയിൽനിന്ന് ബസ് ഉടമകൾ പെങ്കടുക്കും.
ബസ് സർവിസ് നിർത്തിവെച്ചും ജീവനക്കാരുടെ തൊഴിൽ നിഷേധിച്ചുകൊണ്ടുമുള്ള സമരപരിപാടികൾക്ക് പകരം ഗാന്ധിയൻ സമരമാർഗമാണ് നടക്കുന്നത്.
ദീർഘകാലമായി സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കിനൽകുക, 2023 മേയ് നാലിലെ നോട്ടിഫിക്കേഷൻ പിൻവലിക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലെപൊലെ സ്പോട്ട് ടിക്കറ്റ് നടപ്പാക്കുക തുടങ്ങിയവയും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സ്കൂൾ തുറക്കുന്ന വ്യാഴാഴ്ച പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിലെ സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ജില്ല പ്രൈവറ്റ് ബസ്ഓപറേറ്റേഴ്സ് അസോ. പ്രസിഡന്റ് ആർ. ഷാജികുമാർ, ജനറൽ സെക്രട്ടറി ലാലു മാത്യു, വൈസ് പ്രസിഡന്റ് ജോൺ മാത്യു, പി. ആർ. പ്രമോദ്കുമാർ, സുനിൽജോൺ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.