കൊച്ചി: പത്തനംതിട്ട ജില്ലയിലെ പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കേന്ദ്രസേനയുടെ സംരക്ഷണം തേടി പ്രസിഡന്‍റ് ഹൈകോടതിയിൽ. വൈസ് പ്രസിഡന്‍റ് ശോശാമ്മ തോമസിനെതിരെ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും തുടർന്നും പ്രതിപക്ഷ അംഗങ്ങളും അവരുടെ ആളുകളും ചേർന്ന് തങ്ങളെ ആക്രമിക്കാനിടയുണ്ടെന്നും യോഗത്തിൽ എത്തുന്നത് തടയുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയൻ ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് ഹരജി നൽകിയിരിക്കുന്നത്. സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും നിലപാട് തേടിയ കോടതി, അടുത്ത തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
സൗമ്യ വിജയനും പഞ്ചായത്ത് അംഗങ്ങളായ ജൂലി കെ.വർഗീസ്, വിനീത് കുമാർ, ജോളി ജോൺ, റിൻസി തോമസ്, കെ.വി. രശ്മിമോൾ, കെ.കെ. നാരായണൻ എന്നിവരും ചേർന്ന് നൽകിയ ഹരജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. 13 അംഗ സമിതിയിൽ കോൺഗ്രസിന് അഞ്ചും സി.പി.എമ്മിന് മൂന്നും അംഗങ്ങളാണുള്ളത്. ബാക്കി അഞ്ച് അംഗങ്ങൾ സ്വതന്ത്രരാണ്.
വനിതകൾക്ക് സംവരണം ചെയ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് പിന്തുണയോടെയാണ് സ്വതന്ത്രയായ സൗമ്യ വിജയൻ തെരഞ്ഞെടുക്കപ്പെട്ടത്. സൗമ്യക്കെതിരെ ഇടത് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം ജൂൺ 22ന് ചർച്ചക്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതിനാൽ നടന്നില്ല.
ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്റിനെ ആക്രമിച്ചെന്നും ഇവരുടെയാളുകൾ പഞ്ചായത്തിന്റെ വാഹനം തകർത്തെന്നും ഹരജിയിൽ പറയുന്നു. വാഹനം തകർത്ത വകയിൽ സർക്കാറിന് മൂന്നുലക്ഷത്തിന്‍റെ നഷ്ടമുണ്ടായി. എന്നാൽ, പ്രതികൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് ഹരജിയിൽ പറയുന്നു.കൂറുമാറിയ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ജൂലൈ ഏഴിനാണ് ചർച്ചക്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.