പത്തനംതിട്ട: പാരിസ്ഥിതിക ദുർബലപ്രദേശത്ത് ക്വാറി പ്രവർത്തനത്തിന് നൽകി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എബ്രഹാം കലമണ്ണിൽ കോടികൾ തട്ടിയെടുത്തതായി ക്രഷർ ഉടമയുടെ പരാതി.
എബ്രഹാമിന്റെയും കുടുംബാംഗങ്ങളുടെയും കൈവശത്തിലെ മീനച്ചിൽ മൂന്നിലവിലെ പി.വി ഗ്രാനൈറ്റ് ക്വാറി കമ്പനി സംബന്ധിച്ചാണ് ക്രഷർ ഉടമ അടൂർ ആമ്പാടിയിൽ ന്യൂ ബംഗ്ലാവ് കെ. സദാനന്ദൻ വാർത്തസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ക്വാറിയുടെ ലൈസൻസ് പുതുക്കി തരാമെന്ന് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കുകയായിരുന്നെന്ന് സദാനന്ദൻ പറഞ്ഞു.
മൂന്നര വർഷമായി പി.വി ഗ്രാനൈറ്റ് എന്ന കമ്പനി പ്രവർത്തന രഹിതമാണ്.
17 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. നീതി ലഭിക്കാൻ പല ജനപ്രതിനിധികളോടും പരാതിപ്പെട്ടതനുസരിച്ച് എബ്രഹാമിനോട് സംസാരിച്ചെങ്കിലും പണം തിരികെ നൽകിയില്ല.
ഇതേതുടർന്ന് പത്തനംതിട്ട സബ് കോടതിയിൽ നൽകിയ പരാതി പ്രകാരം എബ്രഹാം കലമണ്ണിലിന്റെ മെഡിക്കൽ കോളജും മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വത്തുക്കളുമെല്ലാം സെപ്റ്റംബറിൽ അറ്റാച്ച് ചെയ്തെന്നും സദാനന്ദൻ പറഞ്ഞു. എന്നാൽ, തന്റെ ഭൂമി തട്ടിയെടുക്കാൻ ക്രഷർ ഉടമ സദാനന്ദൻ നീക്കം നടത്തുന്നതായി എബ്രഹാം കലമണ്ണിൽ പ്രതികരിച്ചു. പൂഞ്ഞാറിലെ വിവാദ കേരള കോൺഗ്രസ് നേതാവിന്റെ മകൻ നടത്തുന്ന ക്വാറി 2016ൽ താൻ വാങ്ങുകയും 2019ൽ ഇതിൽ 18 ഏക്കർ സദാനന്ദന് നൽകുകയും ചെയ്തിരുന്നു. ബാക്കി തന്റെ പേരിലെ 23 ഏക്കർ ക്വാറികൂടി വാങ്ങാൻ ഇയാൾ 15 കോടിയുടെ ചെക്ക് നൽകിയെങ്കിലും ഇത് മടങ്ങി. ക്വാറി ഒരു വർഷത്തോളം നടത്തിയ ഇയാൾ ചെക്ക് മടങ്ങിയ ഭൂമി തട്ടിയെടുക്കാനാണ് നീക്കം നടത്തുന്നതെന്നും മൗണ്ട് സിയോൺ മെഡിക്കൽ കോളജ്-എൻജിനീയറിങ് കോളജുകളുടെ ഉടമ കൂടിയായ എബ്രഹാം കലമണ്ണിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.