പത്തനംതിട്ട: നഗരത്തിലും, ഇലന്തൂർ , നാരങ്ങാനം, ചെന്നീർക്കര, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും ബുധനാഴ്ച അതിതീവ്ര മഴ. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയും ചൂടും അനുഭവപ്പെട്ടു. എന്നാൽ ഉച്ചകഴിഞ്ഞ് മിന്നൽ പ്രളയത്തിന് സമാനമായ മഴയിൽ ജില്ല വിറങ്ങലിച്ചു. ഇതിനിടെ രണ്ടിടത്ത് ഉരുളുംപൊട്ടി. ചുരുളിക്കോട് കോട്ടതട്ടി മലയിലും ചെന്നീർക്കര പഞ്ചായത്ത് ആറാംവാർഡിലും ആണ് ഉരുൾ പൊട്ടൽ. ചുരുളിക്കോട് ഭാഗത്തേക്ക് വെള്ളം കുത്തിയൊഴുകി കുമ്പഴ- തിരുവല്ല റോഡിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. വൻ പാരിസ്ഥിക ആഘാതം സൃഷ്ടിച്ച് പത്തനംതിട്ട നഗരസഭയിൽപ്പെട്ട പട്ടന്തറയിൽ ഏക്കർ കണക്കിന് കുന്നിടിച്ച് മണ്ണെടുത്ത ഭാഗത്ത് ഉരുൾപൊട്ടലിന് സമാനമായി വെള്ളം കുത്തിയൊലിച്ച് എത്തി. ഇതോടെ വെട്ടിപ്രത്തിന് സമീപം പെരിങ്ങമലയിൽ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളിൽ വെള്ളം കയറി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇലന്തൂർ പരിയാരം തുമ്പമൺതറ ഭാഗത്ത് തോട് കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. തുമ്പമൺതറ തേയില മണ്ണിൽ എസ്റ്റേറ്റിന് സമീപം മണ്ണിടിച്ചിലിൽ വൻ കൃഷിനാശം സംഭവിച്ചു. പത്തനംതിട്ട - പൂക്കോട് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തൊടുകൾ കരകവിഞ്ഞൊഴുകുകയാണ്. നാരങ്ങാനം പുന്നോൺ പാടത്ത് മടവീണു. കൃഷി നാശവും ഇവിടെ വ്യാപകം.
ബുധനാഴ്ച ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. സെന്‍ട്രല്‍ ജംഗ്ഷന് - സ്റ്റേഡിയം ജംഗ്ഷന് റോഡിലെ വ്യാപാര കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. മുട്ടറ്റം വരെ കയറിയ വെള്ളം ബക്കറ്റുപയോഗിച്ചാണ് പലരും കോരിക്കളഞ്ഞത്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ ഭാഗത്തുള്ളത്. പല കടകളും റോഡിനേക്കാള്‍ താഴ്ന്ന ഭാഗത്താണുള്ളത്. ചെറിയമഴ പെയ്താല്‍പോലും ഇവിടെ വെള്ളംകയറാനുള്ള സാധ്യതയേറെയാണ്. വെള്ളം കയറിയതുമൂലം ഓരോ വ്യാപാര സ്ഥാപനത്തിനും കനത്ത നാശനഷ്ടവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലൊന്നും ഇതുപോലെ കടകളില്‍ വെള്ളം കയറിയിരുന്നില്ല. ഓടകള്‍ നിറഞ്ഞുകവിഞ്ഞതാണ് വെള്ളം കയറാന്‍ കാരണം. നേരത്തെ ടൗണിലെ ഓടകളുടെ മേല്മൂടികള് ഇളക്കിമാറ്റി ശുചീകരിച്ചിരുന്നെങ്കിലും ഈ ഭാഗങ്ങളില്‍ ശുചീകരണം നടന്നിരുന്നില്ല. കല്ലും മണ്ണും അടിഞ്ഞ് ഓടകളെല്ലാം ഉപയോശൂന്യമായിരിക്കുകയാണ്. അടിയന്തിരമായി ഓടകള്‍ വൃത്തിയാക്കി കടകളില്‍ വെള്ളംകയറുന്ന സ്ഥിതി ഒഴിവാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ജനറൽ ആശുപത്രി പിന്നിലെ ഡോക്ടേഴ്സ്ലൈൻ വെള്ളത്തിൽ മുങ്ങി. ഇവിടുത്തെ ഓടയും തോടും കരകവവിഞ്ഞു റോഡിലേക്ക് വെള്ളംകയറി. പട്ടന്തറയിൽ നിന്ന് കുത്തിയൊലിച്ച് മലവെള്ളം മേലെ വെട്ടിപ്രത്തെ ഹോമിയോ ആശുപത്രിയിലും കയറി. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാർ കസേരകൾ അടുക്കി മരുന്നുകൾ എടുത്ത്വെച്ച് സംരക്ഷിച്ചു.
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഗാരേജിൽ വെള്ളം കയറി ഉപകരണങ്ങുൾ നശിച്ചു. നഗരത്തിലെ റോഡുകൾ നിറഞ്ഞ് വെള്ളം ഒഴുകുകയാണ്. സെൻട്രൽ ജംഗ്ഷനിൽ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിലെ വെള്ളക്കെട്ട് ഗതാഗത തടസത്തിനും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.