പത്തനംതിട്ട: ഇടവിട്ട് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പമ്പാനദിയിലും കക്കാട്ടാറിലും കല്ലാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാർ അണക്കെട്ടുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ ഷട്ടറുകൾ അടച്ചു. മഴ തുടരുന്നതിനാൽ പ്രദേശത്ത് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയിൽ കിഴക്കൻ മലയോര ഉള്‍വനത്തില്‍ ഉരുള്‍പൊട്ടൽ ഉണ്ടാകുന്നത് വലിയ ഭീഷണി ഉയർത്തുന്നു. സീതത്തോട് ഗുരുനാഥന് മണ്ണ് ഭാഗത്ത് കഴിഞ്ഞ ദിവസം കനത്ത മലവെള്ളപ്പാച്ചിലുണ്ടായി.
ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള യാത്ര ദുഷ്കരമാണ്. മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് ആനത്തോടിന് സമീപം കുടുങ്ങി. കുമ്പനാട് കിണർ ഇടിഞ്ഞു താണു. ജില്ല ആസ്ഥാനത്തെ ജില്ല സ്റ്റേഡിയത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച ചില സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമായ തോതില്‍ മഴ ലഭിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.