പത്തനംതിട്ട: തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കം വള്ളിക്കോട്ടെ കർഷകരെ ദുരിതത്തിലാക്കുന്നു. അപ്പർ കുട്ടനാട് കഴിഞ്ഞാൽ വ്യാപകമായി നെൽകൃഷി ചെയ്യുന്ന ജില്ലയിലെ പ്രധാന പാടശേഖരങ്ങളാണ് വള്ളിക്കോട്ടേത്. അടുത്തിടെയുണ്ടായ രണ്ട് വെള്ളപ്പൊക്കത്തിലും ഇവടുത്തെ നെൽകൃഷി മുഴുവൻ നശിച്ചു. വിത കഴിയുേമ്പാഴാണ് വെള്ളം കയറുന്നത്. ഇതോടെ വിതയെല്ലാം അഴുകിപ്പോകുകയാണ്. ആശങ്കകൾക്കിടെ വീണ്ടും കൃഷിയിറക്കുന്ന ജോലി കഴിഞ്ഞദിവസം ആരംഭിച്ചു. മഴ തുടർച്ചയായി പെയ്യുന്നത് വീണ്ടുമൊരു വെള്ളപ്പൊക്കത്തിന് ഇടയാക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. ഇപ്പോൾ തന്നെ പാടം ഒരുക്കാനും വിത്തിനും വളത്തിനുമൊക്കെയായി വലിയ തുക കർഷകർക്ക് ചെലവായിട്ടുണ്ട്. കൃഷിയോടുള്ള താൽപര്യവും പാടം തരിശായി ഇടുന്നതിലുള്ള പ്രയാസവുമാണ് നഷ്ടം സഹിച്ചും കൃഷിയിറക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്.
വള്ളിക്കോട്ട് 180 ഹെക്ടർ പാടശേഖരത്തിൽ നെൽകൃഷിയുണ്ട്. നരിക്കുഴി, കൊല്ലായി, ചെമ്പത, വേട്ടക്കുളം, നടുവത്തൊടി, തട്ട, കാരുവേലിൽ, തലചേമ്പ്്, അട്ടത്തഴ പാടശേഖരങ്ങളിലാണ് കൃഷി. വീണ്ടും വിതക്കാനായി ട്രാക്ടർ ഉപയോഗിച്ച് നിലം ഒരുക്കുകയാണിപ്പോൾ. വരമ്പുകൾ വൃത്തിയാക്കുന്ന പണികളും നടക്കുന്നു. വിത്ത്, വളം എന്നിവ കൃഷിഭവൻ വഴി എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രളയത്തിൽ കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് സംഭവിച്ചത്. കൃഷിഭവൻ വഴി നാമമാത്രമായ സഹായമാണ് ലഭിക്കുന്നത്. പരമ്പരാഗതമായി നെൽകൃഷി ചെയ്യുന്നവരുടെ പിൻതലമുറക്കാരാണ് ഇവിടുത്തെ കർഷകർ. ഉമ നെൽവിത്താണ് ഭൂരിഭാഗം പേരും വിതക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം മറികടന്ന് കഴിഞ്ഞ വറുർഷം അന്നൂറ് ടൺ നെല്ലാണ് വള്ളിക്കോട്ടെ പാടശേഖരങ്ങളിൽനിന്ന് ഉൽപാദിപ്പിച്ചത്.
കൃഷിയിറക്കാനുള്ള ട്രാക്ടറും ടില്ലറും മെതിയന്ത്രങ്ങളും കൃഷിഭവൻ വഴിയാണ് കർഷകർക്ക് നൽകുന്നത്. ലിഫ്റ്റ് ഇറിഗേഷനും വള്ളിക്കോട്ടുണ്ട്. ചീക്കുംകുഴി, തൃപ്പാറ, ഭുവനേശ്വരം ഇറിഗേഷനാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്തവണയും നൂറുമേനി വിളയിക്കാമെന്ന പ്രതീക്ഷയിൽ കഴിയുേമ്പാഴാണ് പ്രളയം എല്ലാം നശിപ്പിച്ചത്. മഴയിൽ തോടുകൾ കരകവിഞ്ഞ് ഒഴുകുന്നതാണ് കൃഷി പെട്ടെന്ന് നശിക്കുന്നതിന് ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.