പത്തനംതിട്ട: പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐയിലെ രാജി പി. രാജപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാല് യു. ഡി. എഫ് അംഗങ്ങളും വിട്ടുനിന്നു.
ആനിക്കാട് ഡിവിഷന് അംഗമായ രാജി പി. രാജപ്പന് ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റാണ്.എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സി.പി.ഐക്ക് പ്രസിഡന്റ് പദവി ലഭിച്ചത്. ഈ ഭരണസമിതിയുടെ ആദ്യ അവസരത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു രാജി പി രാജപ്പൻ. സി.പി.എമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരനാണ് രാജിയുടെ പേര് നിർദ്ദേശിച്ചത്.
കേരളകോൺഗ്രസ് അംഗം ജോർജ് എബ്രഹാം പിന്താങ്ങി. അതേസമയം പ്രസിഡന്റ് സ്ഥാനം നിഷേധിക്കപ്പെട്ട സി.പി.ഐ പ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി പ്രതിനിധിയുടെ പേര് നിർദേശിക്കാനോ പിന്താങ്ങാനോ തയ്യാറായില്ല.
അഡിഷണല്‍ ജില്ല മജിസ്ട്രേറ്റ് ജി സുരേഷ് ബാബു സത്യവാചകം ചൊല്ലിക്കൊടുത്ത് രാജി അധികാരമേറ്റു. ജില്ല പഞ്ചായത്ത് നടപ്പാക്കി വരുന്ന ബൃഹത്തായ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുമെന്ന് രാജി പി രാജപ്പന് പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്തിൽ സി.പി.ഐക്ക് ആദ്യമായാണ് പ്രസിഡന്റ് പദവി ലഭിക്കുന്നത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, മുന്‍ പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, സ്ഥിരം സമിതി അംഗങ്ങളായ ആര് അജയകുമാര്‍, ബീനാ പ്രഭ, ജിജി മാത്യു, ലേഖ സുരേഷ്, സെക്രട്ടറി എ.എസ് നൈസാം തുടങ്ങിയവര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.