പത്തനംതിട്ട: നഗരത്തിൽ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നൽകിയിട്ടും പ്രവൃത്തി പൂർത്തിയാക്കിയില്ല. ടി.കെ റോഡിൽ പൈപ്പ് ഇട്ടതിനു ശേഷം നേരാവണ്ണം മൂടാത്തതിനെ തുടർന്നുണ്ടായ കുഴി വാട്ടർ അതോറിറ്റി നേരിട്ട് ഞാറാഴ്ചതന്നെ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 500 മീറ്ററാണ് അടിയന്തരമായി വൃത്തിയാക്കുക. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനതിട്ട നഗരത്തിലെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് കരാറുകാരുടെ അനാസ്ഥമൂലം ദുരിതമായത്. ശേഷിക്കുന്ന ജോലികൾ പല പാക്കേജുകളാക്കി തിരിച്ച് റീടെൻഡർ ചെയ്ത് ഉടൻ കരാർ നൽകാനും മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചിട്ടുണ്ട്. ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കാൻ മന്ത്രിമാരായ റോഷി അഗസ്റ്റിനും വീണ ജോർജും പങ്കെടുത്ത യോഗം അനുവദിച്ച 10 ദിവസ സമയം തീർന്നതിനു പിന്നാലെയാണ് കരാറുകാരനെ പുറത്താക്കിയത്.
പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ റോഡ് തകർച്ചയിൽ വൻ പ്രതിഷേധം ഉയർത്തി യു.ഡി.എഫ് പ്രവർത്തകർ. അബാൻ ജങ്ഷനിൽനിന്ന് പ്രകടനമായി വന്ന പ്രവർത്തകർ സെൻട്രൽ ജങ്ഷനിലെ കുഴികളിൽ വാഴയും ചേമ്പും നട്ട് പ്രതിഷേധിച്ചു. നഗരത്തിൽ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിലാണ് പത്തനംതിട്ടയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു.
നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. സുരേഷ്കുമാർ, ടി.എം. ഹമീദ്, സിന്ധു അനിൽ, റോജി പോൾ ഡാനിയേൽ, സാമുവൽ കിഴക്കുപുറം, ടി.എസ്. സുനിൽ കുമാർ, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, എൻ.എ. നൈസാം, പി.കെ. ഇഖ്ബാൽ, സി.കെ. അർജുനൻ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട: ജില്ലയിലെ പ്രധാന മത്സ്യ വ്യാപാര കേന്ദ്രമായ കുമ്പഴ മത്സ്യമാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മുനിസിപ്പൽ എൻജിനീയർക്ക് നിർദേശം നൽകി. പത്തനംതിട്ടയിൽ ഏറ്റവുമധികം ആളുകൾ മത്സ്യ മൊത്ത വ്യാപാരത്തിനായി ആശ്രയിക്കുന്ന മാർക്കറ്റാണ് കുമ്പഴയിലേത്. മാർക്കറ്റിന്റെ യാർഡിൽ രൂപപ്പെട്ട കുഴികളിൽ മലിനജലം കെട്ടിക്കിടന്ന് വ്യാപാരത്തിനായി വരുന്ന തൊഴിലാളികൾക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഉടൻ എസ്റ്റിമേറ്റ് തയാറാക്കി പദ്ധതി അടിയന്തര പ്രാധാന്യത്തോടെ വകുപ്പുതലത്തിൽതന്നെ പൂർത്തിയാക്കാനും നഗരസഭ ചെയർമാൻ ഉത്തരവായി. മാർക്കറ്റിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ വിമല ശിവൻ നൽകിയ കത്തിനെ തുടർന്നാണ് ഉത്തരവ്.
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ചയാണ് സംഭവം. കടയ്ക്കൽ സ്വദേശി മനോജിനാണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലതു തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉയർത്തി നഗരത്തിലാകെ കുഴികളാണ്. ഇതിൽ മഴവെള്ളംകൂടി കെട്ടിനിൽക്കുന്നതോടെ ജീവൻ പണയംവെച്ചാണ് ജനം യാത്ര ചെയ്യുന്നത്. ജനറൽ ആശുപത്രി പടിക്കൽ കൂടിയുള്ള യാത്ര അപകടം നിറഞ്ഞതായിട്ടുണ്ട്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രമേ കഴിയൂ. ഒരുവശം കുഴിച്ച് കുളമാക്കിയിരിക്കയാണ്.
പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജങ്ഷന് സമീപം പുതുതായി സ്ഥാപിച്ച 500 എം.എം ശുദ്ധജല ജലവിതരണ പൈപ്പ് പൊട്ടി റോഡിലും സമീപത്തെ കെട്ടിട വളപ്പിലും വെള്ളം കയറി. ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം. റിങ് റോഡിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കുന്നിത്തോട്ടത്തിൽ കെട്ടിട വളപ്പിലാണ് വെള്ളം നിറഞ്ഞത്. റോഡിന്റെ ഒരുവശത്തും വെള്ളക്കെട്ടുണ്ടായി. കെട്ടിടത്തിലേക്ക് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. കടകളിലേക്ക് വെള്ളം കയറുമെന്ന സ്ഥിതിയിൽ എത്തിയപ്പോൾ ജീവനക്കാർ പൊലീസിനെയും ജല അതോറിറ്റിയെയും വിവരമറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ ജല അതോറിറ്റിയിൽനിന്ന് ജീവനക്കാരെത്തി ഇവിടേക്കുള്ള ജലവിതരണം താൽക്കാലികമായി അടച്ചു. പൈപ്പുകൾ തമ്മിൽ കൂട്ടിച്ചേർക്കുന്ന ഭാഗമാണ് ഊരിത്തെറിച്ചത്. പൈപ്പ് ലൈനിന്റെ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. ശക്തമായ വെള്ളപാച്ചിലിൽ ഇവിടവും പൊട്ടി അടർന്ന് പോയിട്ടുണ്ട്. പുതിയ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ ട്രയൽ നടന്നുവരുകയാണ്. കെട്ടിടത്തിന്റെ ഗേറ്റിന് മുന്നിലൂടെയാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. ഇനിയും പൈപ്പ് പൊട്ടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഇതിന് മുകളിലൂടെ അകത്തേക്ക് പോകാതിരിക്കാൻ പൊലീസ് ഗേറ്റിൽ കയറുകെട്ടി നിയന്ത്രിച്ചു.
കരുനാഗപ്പള്ളിയിൽനിന്നുള്ള വിദഗ്ധരെത്തിയാണ് പൈപ്പിന്റെ അറ്റകുറ്റപ്പണി നിർവഹിക്കുന്നത്. ഈ ഭാഗത്തുള്ള പൈപ്പ് ലൈൻ ജലവിതരണം നിലച്ച സ്ഥിതിയിലാണ്. പൈപ്പ് കൂട്ടിച്ചേർക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞാൽ മാത്രമേ പൈപ്പിലൂടെ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.