തിരുവല്ല: ആക്രിക്കടക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. കവിയൂർ ഞാലിക്കണ്ടത്തെ കല്ലേക്കാട്ടിൽ പണിക്കരുവീട്ടിൽ മോനിച്ചൻ തോമസിന്റെ ഉടമസ്ഥതയിലെ സ്ഥലത്താണ് തീപിടിച്ചത്.ഞായറാഴ്ച രാത്രി 12ഓടെയാണ് സംഭവം. ഒരേക്കറോളം പുരയിടത്തിൽ പകുതിയോളം സ്ഥലത്ത് പഴയ ടയറുകളും ആക്രിസാധനങ്ങളും അടിയടുക്കി സൂക്ഷിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും കത്തിനശിച്ചു.
തമിഴ്‌നാട് തെങ്കാശ്ശി സ്വദേശി കാളിമുത്താണ് ആക്രിക്കട നടത്തിയിരുന്നത്. തിരുവല്ലയിൽനിന്ന് ഫയർഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നു. തുടർന്ന് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പത്തനംതിട്ട, റാന്നി, കോട്ടയം, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്‌സിെൻറ കൂടുതൽ യൂനിറ്റുകൾ സ്ഥലത്തെത്തി.
തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡുകളും മറ്റ് വീടുകളും സമീപത്തുണ്ടായിരുന്നെങ്കിലും ഇവിടേക്ക് പടരാതെ തീയണക്കാനായി. ഫയർഫോഴ്‌സിെൻറ 20 യൂനിറ്റ് വെള്ളം തീകെടുത്താൻ വേണ്ടിവന്നു. ഏഴ് സ്റ്റേഷനുകളിലെ മുപ്പതിലേറെ ജീവനക്കാർ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഒരുകിലോമീറ്ററിലേറെ ചുറ്റളവിൽ ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾക്ക് ഉൾപ്പെടെ പുക ശ്വസിച്ച് അസ്വസ്ഥതകളുണ്ടായി. തീപിടിത്തത്തിെൻറ യഥാർഥ കാരണം വ്യക്തമായിട്ടില്ല. അതേസമയം, കേബിളിലെ കമ്പിയെടുക്കാൻ ഇവിടെ തീകത്തിക്കുന്നത് പതിവായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ജില്ല ഫയർ ഓഫിസർ പ്രഭാത് ചന്ദ്രൻ, തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ റാവുത്തർ, ഫയർ ഓഫിസർ ആർ. ബാബു, അസി. സ്റ്റേഷൻ ഓഫിസർ പി. ശശിധരൻ, റവന്യൂ, പഞ്ചായത്ത് അധികൃതർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.