പത്തനംതിട്ട: സീതത്തോട് സർവിസ് സഹകരണ ബാങ്കിലെ അഴിമതിയും പണാപഹരണവും വിജിലൻസ് അന്വേഷിക്കണമെന്ന് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭരണ സമിതിയെ ഉടൻ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച രണ്ടാഴ്ചയായി ബാങ്കിനു മുന്നിൽ സമരം നടക്കുകയാണ്. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ജില്ലതലത്തിലേക്ക് സമരം വ്യാപിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
സഹകാരികൾ നിക്ഷേപിച്ച പണം ആവശ്യത്തിന് തിരികെ നൽകുന്നില്ല. സെക്രട്ടറി ഇല്ല എന്ന കാരണം പറഞ്ഞ് തിരികെ വിടുകയാണ്. സ്വർണപ്പണയം ഉൾപ്പെടെ വായ്പകൾ ലഭിക്കുന്നില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സർക്കാർ പ്രഖ്യാപിച്ച മൊബൈൽഫോൺ വായ്പയും നൽകിയിട്ടില്ല.
വളം ഡിപ്പോയുടെ പ്രവർത്തനവും നിലച്ചു. സാമൂഹിക പെൻഷൻ നൽകുന്നതും വൈകിപ്പിക്കുകയാണ്. പെൻഷൻ ലഭിക്കാത്ത നിർധന കുടുംബങ്ങൾക്ക് 1000 രൂപ നൽകുന്ന പദ്ധതിക്ക് അനുവദിച്ച തുക ഇതുവരെ വിതരണം ചെയ്തിട്ടില്ല.
ഇടപാടുകാരുടെ സ്ഥിര നിക്ഷേപത്തിൽനിന്ന് അവരറിയാതെ ലോൺ എടുക്കുന്നു. തിരികെ അടക്കേണ്ടി വരുമ്പോൾ അനധികൃതമായി സസ്പെൻസ് അക്കൗണ്ടിൽനിന്ന് വരവുവെച്ച് തിരിമറി നടത്തുകയാണ്. ഈ ഇനത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ബാങ്കിെൻറ സാമ്പത്തിക അടിത്തറ തകർന്നു.
സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതിയാണ് ഭരിക്കുന്നത്. കേരള ബാങ്കിൽനിന്ന് സ്വർണപ്പണയത്തിന്മേൽ ലഭിച്ച ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ ഏഴുകോടിയിൽ അധികം രൂപയും പലിശയും തിരിച്ചടക്കാതെ ഭീമമായ ബാധ്യത വരുത്തിവെച്ചിട്ടുണ്ട്. ഇതുകാരണം കേരള ബാങ്കിൽനിന്ന് ലഭിക്കുന്ന വായ്പ നിലച്ചു.
അനധികൃതമായി ഈടുനൽകുന്ന വസ്തുവിെൻറ മതിപ്പ് വിലയിൽ അധികരിച്ച തുകയുടെ ലോണുകൾ പാർട്ടി പ്രവർത്തകർക്കും ഇഷ്ടക്കാർക്കും തരപ്പെടുത്തി നൽകുകയാണ്. ഇത്തരത്തിൽ തിരിച്ചടവ് മുടങ്ങിയ ലോണുകൾ നിരവധിയാണ്. ഈട് നൽകുന്ന വസ്തുവിൽ ബിനാമികളുടെ പേരിൽ ലോണെടുത്തും തട്ടിപ്പ് നടന്നിട്ടുണ്ട്. ആധാരങ്ങളുടെ പകർപ്പുവെച്ചും ലോൺ എടുത്തിട്ടുണ്ട്. ഇടപാടുകളുടെ ഒറിജിനൽ ആധാരങ്ങൾ തിരികെ ചോദിക്കുമ്പോൾ നഷ്ടപ്പെട്ടതായാണ് പറയുന്നത്.
കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ഭാര്യ ഉൾപ്പെടെയുള്ളവരുടെ നിയമനത്തിലെ അഴിമതി അന്വേഷിക്കണം.
നിയമനത്തിനായി കൃത്രിമ രേഖകൾ നൽകിയതും അന്വേഷിക്കണം. ഇത് സംബന്ധിച്ച പരാതിയിൽ അന്വേഷണം ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചിരിക്കുകയാണ്. നിയമനം വിവാദമായപ്പോൾ രാജിെവച്ച് പോയ ജീവനക്കാരുടെ തിരിച്ചടക്കാത്ത ബാധ്യതയും അന്വേഷിക്കണം.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൃത്രിമ രേഖകൾ നിർമിച്ച് നടത്തിയ ഓഡിറ്റുകൾ പുനഃപരിശോധിക്കണം. പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓഡിറ്റ് അട്ടിമറിക്കുന്ന രീതിയാണ് തുടരുന്നത്.
കൃത്രിമ രേഖകൾ ചമക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും സോഫ്റ്റ്വെയർ കൈകാര്യം ചെയ്യുന്ന കമ്പനിക്കെതിരെയും ശിക്ഷാ നടപടി സ്വീകരിക്കണം. സെക്രട്ടറി മാറിനിൽക്കുന്നത് തെളിവു നശിപ്പിക്കുന്നതിെൻറ ഭാഗമായാണ്.
വാർത്തസമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് റോബിൻ പീറ്റർ, കോൺഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡൻറ് രതീഷ് കെ. നായർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ജോയൽ മാത്യു, കെ.എസ്.യു ജില്ല സെക്രട്ടറി അലൻ ജിയോ മൈക്കിൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.