പത്തനംതിട്ട: വിശ്വാസികളെയും മതനിരപേക്ഷമൂല്യം അംഗീകരിക്കുന്നവരെയും ഒത്തുചേർത്തു വേണം അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അനാചാരത്തിനും അന്ധവിശ്വാസത്തിനും എതിരെ പത്തനംതിട്ടയിൽ കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാനവിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ ഒഴിച്ചുനിർത്തി അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പോരാട്ടം നടത്താനാവില്ല. യുക്തിപരതകൊണ്ട് അതിനെ നേരിടാനുമാവില്ല. സമൂഹത്തെ ശാസ്ത്രവത്കരിക്കണം.
ജില്ലയിൽ ഇലന്തൂരിലുണ്ടായ സംഭവം യാദൃച്ഛികമല്ല. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷവും ഇത് രാജ്യത്തിന്റെ പല ഭാഗത്തും തുടരുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടും ഭൂപ്രഭുത്വം അവസാനിപ്പിക്കാൻ സാധിച്ചില്ലെന്നതാണ് ഇത്തരം ദുഷ്പ്രവണതകൾ തുടരാൻ പ്രധാന കാരണം. കോൺഗ്രസും ബി.ജെ.പിയും ഇത്തരം അന്ധവിശ്വാസങ്ങളുമായി കൈകോർത്ത് അധികാരത്തിനുവേണ്ടി ഊട്ടിവളർത്തുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു.
പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ യൂനിയൻ ജില്ല പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ്, മുതിർന്ന സി.പി.എം നേതാവ് ആർ. ഉണ്ണികൃഷ്ണപിള്ള, കെ.യു. ജെനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. നിർമലാദേവി, പി.ആർ. പ്രസാദ്, അഡ്വ. ആർ. സനൽകുമാർ, പി.ജെ. അജയകുമാർ, പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, യൂനിയൻ ഭാരവാഹികളായ രാധ രാമചന്ദ്രൻ, തങ്കമണി നാണപ്പൻ, ഷീല വിജയ്, ഫാ. ജിജി തോമസ് എന്നിവർ സന്നിഹിതരായി. യൂനിയൻ ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.