പത്തനംതിട്ട: ജില്ലയിലെ തെരുവുകൾ കീഴടക്കിയ തെരുവുനായ്ക്കൾ മനുഷ്യജീവന് ഭീഷണിയാകുന്നു. വ്യാപകമായി പെറ്റുപെരുകിയ ഇവ ആരോഗ്യമന്ത്രിയുടെ ജില്ലയിലും ജനജീവിതം താളം തെറ്റിക്കുന്നു. ഓരോ നിമിഷവും നായ്ക്കളുടെ ആക്രമണത്തിൽനിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. പേപ്പട്ടി ശല്യവും വർധിക്കുന്നുണ്ട്.
സ്കൂൾ കുട്ടികൾക്കും നായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. നാളുകൾക്ക് മുമ്പ് പെരുനാട്ടിലെ 12കാരി അഭിരാമിയുടെ ജീവൻ എടുത്തതും തെരുവുനായ്ക്കളായിരുന്നു. ജില്ലയിൽ രണ്ടാഴ്ചയായി നിരവധി പേരെ ഇവ കടിച്ചുകീറിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനങ്ങാപ്പാറ നയത്തിലാണ്.
ആക്രമണകാരികളായ നായ്കളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ജില്ലയിൽ ഒരിടത്തുമില്ല. ജില്ലയിൽ എ.ബി.സി കേന്ദ്രങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല. സർക്കാർ നിസ്സംഗത പാലിക്കുന്നതുമൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. റാന്നി, വടശ്ശേരിക്കര, പെരുനാട് മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് കടിയേറ്റത്. പെരുനാട്ടിൽ അക്രമം നടത്തിയ നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിക്കേറ്റവർ നിരീക്ഷണത്തിലാണ്. ജില്ല ആസ്ഥാനത്തും തെരുവുനായ് ശല്യം വർധിച്ച് വരുകയാണ്.
കുളനട: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പഞ്ചായത്തിൽ ഒമ്പതുപേർക്ക് കടിയേറ്റു. ഉളനാട്, അമ്പലക്കടവ്, തുമ്പമൺതാഴം പ്രദേശങ്ങളിലായി ബുധനാഴ്ച രാവിലെയോടെയാണ് സംഭവം.
രാവിലെ 8.30ഓടെ ഉളനാട്ടിലും പിന്നീട് അമ്പലക്കടവ്, തുമ്പമൺ താഴം എന്നിവിടങ്ങളിലും വീട്ടുമുറ്റത്ത് നിന്നവരെയും വഴിയാത്രക്കാരെയും വിദ്യാർഥികളെയുമാണ് ആക്രമിച്ചത്. കൈയിലും കാലിലുമാണ് ഗുരുതര പരിക്ക്. അമ്പലക്കടവിൽ സ്ത്രീയുടെ കൈയിലെ മാംസം പുറത്തുവന്ന നിലയിലാണ്.
ആളുകൾ ബഹളംവെച്ച് ഓടിയെത്തിയപ്പോഴാണ് നായ് പിടിവിട്ടത്. അക്രമകാരിയായ നായെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് ചത്തു. പരിക്കേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സ തേടി.
തുമ്പമൺ താഴം അമ്പലക്കടവ് മണ്ണിൽ മുകടിയിൽ മീവൻ (14), അമ്പലക്കടവ് പുഴിക്കുന്നിൽ ചന്ദ്രൻ (70) , തുമ്പമൺ താഴം പള്ളിയിൽ വീട്ടിൽ ശ്രീകുമാർ (63), തുമ്പമൺ താഴം തൊണ്ടത്ര വില്ലയിൽ ചെറിയാൻ തോമസ് (73), തുമ്പമൺ നോർത്ത് പൊള്ളൻമല മേമുറിയിൽ ഓമന രാജൻ (62 ), അമ്പലക്കടവ് വയക്കൽ പടിക്കാറ്റതിൽ കലാധരൻ നായർ (53), ഉളനാട് ശ്രീരാമ ഭവൻ രാമചന്ദ്രൻ പിള്ള (72), ഉളനാട് ഓമര നിൽക്കുന്നതിൽ ഷൈലജ ( 61) , ഉളനാട് അയനിനിൽക്കുന്നതിൽ ബിന (48).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.