കൊല്ലം: ശങ്കരാ സൂക്ഷിക്ക്... അതിനെ അവിടെ നിർത്തിവരൂ പോകാം... അമ്മയും അച്ഛനും മാറിമാറി പറഞ്ഞത് കേട്ട് മുഖംവാടിയെങ്കിലും ആ പൂച്ചക്കുഞ്ഞിനെ വീട്ടിലേക്ക് ഒപ്പം കൂട്ടണമെന്ന ആഗ്രഹം പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരൻ എസ്. കൃഷ്ണനുണ്ണിയെ വിട്ടുപോയില്ല.
ചാക്യാർകൂത്തിന് പിന്നാലെ മോണോആക്ടിലും എ ഗ്രേഡ് കിട്ടിയ വിശേഷം തിരക്കാൻ മാധ്യമപ്രവർത്തകർ ചുറ്റും കൂടിയിട്ടും ക്രിസ്തുരാജ് സ്കൂൾ വളപ്പിൽ കണ്ട ആ പൂച്ചക്കുഞ്ഞിന് പിന്നാലെയായിരുന്നു അവന്റെ മനസ്സ്. കുറെനേരം കൈയിലെടുത്ത് താലോലിച്ചു, കഴിക്കാൻ ഭക്ഷണം നൽകി, ഇനി പത്തനംതിട്ടയിലേക്ക് ഒപ്പം കൂട്ടണം എന്നതായിരുന്നു മനസ്സിൽ. പൂച്ചക്ക് ആരുമില്ലെന്ന ന്യായീകരണവും അച്ഛനും അമ്മക്കും മുന്നിൽ വെച്ചു. പൂച്ചയമ്മവന്ന് കുഞ്ഞിനെ കൊണ്ടുപോകുമെന്ന പിതാവിന്റെ സമാധാനം പറച്ചിലിനും മറുപടിയായി ചോദ്യമെത്തി, അമ്മയുണ്ടായിരുന്നെങ്കിൽ അവന്റെ വയർ നിറഞ്ഞിരിക്കില്ലായിരുന്നോ.
കലാവേദികൾ കീഴടക്കുന്ന തിരക്കിലും മൃഗസ്നേഹം കൃഷ്ണനുണ്ണിയുടെ വീക്നെസ് ആണെന്ന് മുൻ കലാപ്രതിഭയായ പിതാവ് ഡോ. ജി.കെ. ശ്രീഹരിയും മാതാവ് അശ്വതിയും പറഞ്ഞു.
എവിടെ കണ്ടാലും മൃഗങ്ങളെ പിടിക്കാൻ ഓടിപ്പോകുന്നത് കാരണം ഇതിനകം കുറെ വാക്സിനും എടുത്തുകഴിഞ്ഞു. എന്തായാലും ഒരുവിധം കുഞ്ഞു മൃഗസ്നേഹിയെ സമാധാനിപ്പിച്ച് പൂച്ചയെ കൊല്ലത്ത് തന്നെ ജീവിക്കാൻവിട്ട് കുടുംബം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.