പത്തനംതിട്ട: ഗോത്ര സമുദായത്തിൽപെട്ട 10 യുവതികളുടെ വിവാഹം പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ഗാന്ധിഭവന്റെ ശാഖാസ്ഥാപനമായ അടൂർ ഐ.ആർ.സി.എയിൽ നടത്തി. പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിലെ വിവിധ ഊരുകളിലെ യുവതീയുവാക്കളാണ് വിവാഹിതരായത്. ഊരുകളിൽനിന്ന് ടൂറിസ്റ്റ് ബസുകളിലാണ് വിവാഹത്തിന് എത്തിച്ചത്. ഐ.ആർ.സി.എ അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ നടന്ന ലളിതമായ ചടങ്ങിൽ സാമൂഹിക-ജീവകാരുണ്യ മേഖലയിലെ പ്രമുഖരടക്കം പങ്കെടുത്തു.
ആന്റോ ആന്റണി എം.പി വിളക്ക് തെളിച്ചതോടെ ചടങ്ങ് ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വധൂവരന്മാരുടെ കൈപിടിച്ച് നൽകി. കായംകുളം പ്രവാസി ചാരിറ്റി ചെയർമാൻ എബി ഷാഹുൽ ഹമീദ് താലി നൽകി.വിവാഹസദ്യ ഒരുക്കിയത് പ്രദീപ് തേവള്ളിയാണ്. വധൂവരന്മാർക്കുള്ള വിവാഹ വസ്ത്രങ്ങൾ നൽകിയത് വ്യവസായി അഷറഫ് അലങ്കാറാണ്.
അനിരുദ്ധൻ തടത്തിൽ, ആർ. രാജേന്ദ്രൻ എന്നിവർ വരണമാല്യം സംഭാവന ചെയ്തു. സതി രവീന്ദ്രൻ, അംബിക നടരാജൻ, മൗണ്ട് സിനായ് മെഡിക്കൽ സെന്റർ, വത്സലകുമാരി, ഷൈൻസ് ജ്വല്ലറി, ലത വിജയൻ, കെ. ഹരിപ്രസാദ്, ജ്യോതിലക്ഷ്മി, സിന്ധു രാജൻപിള്ള, ടി.പി. അനിരുദ്ധൻ എന്നിവർ നിലവിളക്ക് സ്പോൺസർ ചെയ്തു.എസ്. മീരാസാഹിബ് താലിയും വിവാഹസദ്യയും ഉൾപ്പെടെ ചടങ്ങുകൾ സ്പോൺസർ ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർ ആർ. രവീന്ദ്രൻ, ശ്രീകുമാർ എന്നിവർ വധൂവരന്മാർക്ക് ഉപഹാരം നൽകി.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അക്കൗണ്ട്സ് ജനറൽ മാനേജർ കെ. ഉദയകുമാർ, സി.ഇ.ഒ വിൻസെന്റ് ഡാനിയേൽ, ഐ.ആർ.സി.എ പ്രോജക്ട് മാനേജർ എസ്. അനിൽകുമാർ, വികസനസമിതി ചെയർമാൻ പഴകുളം ശിവദാസൻ, ഡയറക്ടർ കുടശ്ശനാട് മുരളി, പി.ആർ.ഒ എസ്. ഹർഷകുമാർ എന്നിവർ നേതൃത്വം നൽകി. അടൂർ നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ്, പന്തളം നഗരസഭ കൗൺസിലർ സീന,
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, പറക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ആശ, ജില്ല പഞ്ചായത്ത് മെംബർരായ സി. കൃഷ്ണകുമാർ, സീനാദേവി കുഞ്ഞമ്മ, അഷ്റഫ് അലങ്കാർ ഹാജി, കവി അടൂർ രാമകൃഷ്ണൻ, രാജലക്ഷ്മി കുഞ്ഞമ്മ, വാർഡ് മെംബർ ഷൈലജ പുഷ്പൻ, തോപ്പിൽ ഗോപകുമാർ, മണ്ണടി പരമേശ്വരൻ എന്നിവർ പങ്കെടുത്തു. 236 വിവാഹം ഇതുവരെ ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടത്തി. ഇതിൽ 68 പേർ ഗോത്രവിഭാഗത്തിൽപെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.