തിരുവല്ല: ഓതറ പുതുക്കുളങ്ങരയിൽ നടന്ന വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ഓതറ പുതുക്കുളങ്ങരയിൽ മാർച്ച് 29ന് മണ്ണുകടത്ത് സംഘങ്ങൾ മാരാകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിലെ പ്രതിയായ ഓതറ പഴയകാവ് തലപ്പാല അഖിലേഷ് സുകുമാരനെയാണ് (ശംഭു -33) മാവേലിക്കരയിലെ ബന്ധുവീട്ടിൽനിന്ന് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
അന്നത്തെ സംഭവത്തിൽ മൂന്നുപേർക്ക് കുത്തേറ്റിരുന്നു. അഞ്ച് പ്രതികളുള്ള കേസിൽ അഖിലേഷിന്റെ സഹോദരൻ ദിലു ഉൾപ്പെടെ നാലുപേർ മുമ്പ് അറസ്റ്റിലായിരുന്നു. സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കൊല്ലം പുനലൂരിലെ ഏലൂരിലുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ട് ഇയാൾ വനത്തിലേക്ക് കടന്നുകളഞ്ഞു. പൊലീസ് സംഘം രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാളെ പിന്തുടർന്ന പൊലീസിന് പ്രതി മാവേലിക്കരയിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മാവേലിക്കര - ഓലകെട്ടിയമ്പലം റോഡിൽ വെച്ചാണ് പിടിയിലായത്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാലാണ് ഇയാളെ പിടികൂടാൻ കഴിയാതെ പോയതെന്ന് പൊലീസ് പറഞ്ഞു. സി.ഐ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സി.പി.ഒ മനോജ് കുമാർ, അഖിലേഷ്, ഉദയശങ്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.