തിരുവല്ല: നിരണം വില്യാരിയിൽ വീട്ടുമുറ്റം ഇടിഞ്ഞ് തോട്ടിലേക്ക് വീണതിനെ തുടർന്ന് ആറംഗ കുടുംബം ഭീതിയിൽ. വില്യാരിയിൽ ഹരീഷ് ഭവനിൽ ഹരിദാസിന്റെ വീട്ടുമുറ്റമാണ് ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് താൽക്കാലിക സംരക്ഷണ ഭിത്തി തകർന്ന് വീടിന് മുമ്പിലൂടെ ഒഴുകുന്ന പമ്പയാറിന്റെ കൈവഴിയിലേക്ക് പതിച്ചത്.
നാലു വയസുള്ള കുട്ടിയും പൂർണ ഗർഭിണിയായ യുവതിയും അടക്കം ആറംഗങ്ങളാണ് വീട്ടിൽ താമസിക്കുന്നത്. മൂന്ന് മീറ്ററോളം നീളത്തിൽ മൂന്നടിയോളം വീതി വരുന്ന ഭാഗമാണ് തോട്ടിലേക്ക് ഇടിഞ്ഞുവീണത്. അയ്യൻ കോനാരി പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്ന മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടിലേക്കാണ് പുരയിടത്തിന്റെ താൽക്കാലിക സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞുവീണത്.
മുറ്റത്തിന്റെ രണ്ടടിഭാഗം കൂടി ഇടിഞ്ഞുവീണാൽ കിടപ്പുമുറിയടക്കം വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നുവീഴുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പുത്തൂപ്പള്ളി, വാർഡ് അംഗം ജോളി എബ്രഹാം എന്നിവർ വ്യാഴാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചിരുന്നു. വീടിെന്റ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഹരിദാസ് മൈനർ ഇറിഗേഷൻ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.