???????

ക്വാറൻറീൻ ലംഘനം ചോദ്യം ചെയ്തയാളുടെ വീട്ടിൽ കയറി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

തിരുവല്ല: ക്വാറൻറീൻ ലംഘനം ചോദ്യം ചെയ്തയാളുടെ വീടുകയറി മാരകായുധങ്ങളുമായി അഞ്ചംഗ സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. സി.പി.ഐ പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി മേപ്രാൽ മണപ്പറമ്പിൽ രാജുവിൻെറ ഭാര്യ ലളിതമ്മ (60)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.

രാജുവിന്റെ അയൽവാസിയായായ പുളിന്തറയിൽ സജി, മക്കൾ സാനു, സച്ചിൻ, സജിയുടെ സഹോദരൻ സുനി, മകൻ സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ലളിതമ്മ പറഞ്ഞു. സജിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ ക്വാറൻറീനിൽ കഴിയണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു. എന്നാൽ സജി നിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത് പതിവായിരുന്നു. രാജു ഇത് ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നാണ് വൈകിട്ട് രാജുവിന്റെ വീട്ടിൽ കയറി സംഘം ആക്രമണം നടത്തിയതെന്ന് പറയുന്നു.

കമ്പി വടി ഉൾപ്പടെ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് ലളിതമ്മ പറഞ്ഞു. ഇരുമ്പ് വടി ഉപയോഗിച്ചുള്ള അടിയേറ്റ് ലളിതമ്മയുടെ വലതുകാലിൻെറ എല്ലിന് പൊട്ടലുണ്ട്. ലളിതമ്മ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിൽ രാജുവിൻെറ മക്കളായ മോഹിനിക്കും രാജീവിനും മർദനമേറ്റു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ മേപ്രാലിൽ നടന്ന പ്രതിഷേധം ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റിയംഗം അഡ്വ. കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തങ്കമണി വാസുദേവൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ശശി കുമാർ, പി.ടി. ലാലൻ, പി.എസ് റെജി, ജോയി, ജോബി പീടിയേക്കൽ, രാജു മേപ്രാൽ, മോനായി, റോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Housewife attacked and injured in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.