തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഒടിഞ്ഞ കാലുമായി ചികിത്സക്കെത്തിയ രോഗിക്ക് ഡോക്ടർ ചികിത്സ നിഷേധിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തിരുമൂലപുരം പാറശ്ശേരി വീട്ടിൽ എം.കെ. കുഞ്ഞുമോൾക്ക് ചികിത്സ നിഷേധിച്ച സംഭവത്തിലാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈമാസം 11ന് നടന്ന സംഭവത്തിൽ കുഞ്ഞുമോൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരോഗ്യ മന്ത്രിക്കും ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയത്. കാൽപാദത്തിലെ നീരുമായി മകൾക്കൊപ്പം അതിവേദനയോടെ ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. സെബാസ്റ്റ്യന്റെ അടുത്താണ് ചികിത്സ തേടിയെത്തിയത്. എന്നാൽ, കാര്യമായ പരിശോധന നടത്താതെ വേദനക്കുള്ള മരുന്ന് നൽകിയ ശേഷം ഉപ്പുവെള്ളത്തിൽ കാൽപാദം മുക്കിവെച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞുവെന്ന് പരാതിയിൽ പറയുന്നു.
എക്സ്റേ എടുത്ത് പരിശോധിക്കണമെന്ന കുഞ്ഞുമോളുടെയും മകളുടെയും ആവശ്യം ഡോക്ടർ നിരാകരിച്ചു. തുടർന്ന് സ്വയമേ സമീപത്തെ സ്വകാര്യ ലാബിൽ എക്സ്റേ എടുത്ത ശേഷം കുഞ്ഞുമോളുമായി കാഷ്വാലിറ്റിയിലെ ഡോക്ടറെ സമീപിച്ചു. എക്സ്റേ പരിശോധിച്ച ഡോക്ടർ കുഞ്ഞുമോളുടെ കാലിന്റെ അസ്ഥിക്ക് തകരാർ സംഭവിച്ചതിനാൽ ഓർത്തോ സർജനെ വീണ്ടും കാണാൻ ആവശ്യപ്പെട്ടു.
ഇതിൻപ്രകാരം ഡോ. സെബാസ്റ്റ്യന്റെ അടുത്തെത്തിയ കുഞ്ഞുമോളും മകളും എക്സ്റേ റിപ്പോർട്ടും ഒ.പി ടിക്കറ്റും ഡോക്ടർക്ക് നൽകി.
എന്നാൽ, ക്ഷുഭിതനായ ഡോക്ടർ ഇവ രണ്ടും മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞതായി കുഞ്ഞുമോളും മകളും പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. സുഭാഷിന്റെ അടുത്ത് ചികിത്സ തേടി. കുഞ്ഞുമോളുടെ കാൽപാദത്തിന് പൊട്ടൽ സംഭവിച്ചതിനാൽ ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. വ്യാഴാഴ്ച ഉച്ചയോടെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി കുഞ്ഞുമോളെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം, സംഭവം സംബന്ധിച്ച് തനിക്ക് പരാതി ഒന്നും ലഭിച്ചില്ലെന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു പ്രതികരിച്ചു.
രണ്ടുമാസം മുമ്പ് നെഞ്ചുവേദനയുമായി എത്തിയ തുകലശ്ശേരി സ്വദേശിയെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് ആരോഗ്യ വകുപ്പിന്റെ ആംബലുൻസിൽ കൊണ്ടുംപോകും വഴി സിലിണ്ടറിലെ ഓക്സിജൻ തീർന്ന് രോഗി മരിച്ച സംഭവം വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇതേ തുടർന്ന് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.