തിരുവല്ല: തെരഞ്ഞെടുപ്പ് പ്രചാരണം ആവുന്നത്ര കൊഴുപ്പിച്ചിട്ടും പോളിങ് ശതമാനം കുറഞ്ഞതിെൻറ ആശങ്കയിൽ തിരുവല്ലയിലെ മുന്നണികൾ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ ഒമ്പത് ശതമാനത്തിലേറെ വോട്ട് കുറഞ്ഞതാണ് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നത്. അവസാനമായി ലഭിച്ച കണക്കുപ്രകാരം 63.34 ശതമാനമാണ് തിരുവല്ല മണ്ഡലത്തിൽ പോളിങ്. 80 കഴിഞ്ഞവരുടെ ഉൾപ്പെടെ 5308 പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. കഴിഞ്ഞതവണ 69.23 ശതമാനമായിരുന്നു പോളിങ്. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ കുറഞ്ഞ പോളിങ്ങാണ് തിരുവല്ലയിൽ രേഖപ്പെടുത്തിയത്.
2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞത് ചർച്ചയായിരുന്നു. ഇത്തവണ പോസ്റ്റൽ വോട്ട് ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. അവസാന കണക്കെടുപ്പ് നടക്കുന്നതേയുള്ളു. തിരുവല്ല മണ്ഡലത്തിൽ ആകെയുള്ള 2,12,288 വോട്ടർമാരിൽ 1,34,469 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. പലഘട്ടങ്ങളിലായി പതിനായിരത്തോളം പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ കൂട്ടിച്ചേർത്തിട്ടും പോളിങ് കുറഞ്ഞത് സ്ഥാനാർഥികളെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. വോട്ടിങ് ശതമാനം കുറഞ്ഞതിൽ ഏറെ അസ്വസ്ഥതപ്പെടുന്നത് എൽ.ഡി.എഫാണ്. സീറ്റ് നിലനിർത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷം സംബന്ധിച്ച കണക്കുകൂട്ടലുകൾ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയാറായിട്ടില്ല. എൽ.ഡി.എഫ് സ്ഥാനാർഥി മാത്യു ടി. തോമസിനെതിരെ മണ്ഡലത്തിലെ ചില സ്ഥലങ്ങളിൽ അടിയൊഴുക്കുകൾ നടന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫിലെ ചില നേതാക്കൾ പറയുന്നുണ്ടെങ്കിലും വിജയിക്കുമെന്ന് ഉറപ്പിച്ചുപറയാൻ നേതാക്കളാരും തയാറായിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം തണുപ്പിക്കാൻ സാധിച്ചില്ല എന്നത് എൻ.ഡി.എയിൽ ആശങ്ക പടർത്തുന്നുണ്ട്. 20 ശതമാനത്തോളം ബി.ജെ.പി പ്രവർത്തകർ വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നതായാണ് കണക്കുകൾ. 2016ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന് ലഭിച്ച 31,439 വോട്ടുകൾക്കൊപ്പമെങ്കിലും എത്താനായില്ലെങ്കിൽ സ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പി ജില്ല പ്രസിഡൻറ് അശോകൻ കുളനടക്ക് നേർക്ക് ആരോപണം ഉയരാനും ഇടയാക്കിയേക്കും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചോയെന്ന സംശയം യു.ഡി.എഫിലും എൻ.ഡി.എയിലുമുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിനൊപ്പം കൂടിയ ശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എയുടെ ഭൂരിപക്ഷം വർധിച്ചില്ലെങ്കിൽ അത് എൽ.ഡി.എഫിനുള്ളിൽ മറ്റൊരു പൊട്ടിത്തെറിക്കും കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.