തിരുവല്ല: ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്ക് ബുധനാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം നയിക്കുന്നത് രണ്ടുപേർ. മുന്നണികൾക്കൊപ്പം വനിത സംവരണ മണ്ഡലത്തിൽ അരയും തലയും മുറുക്കി സ്ത്രീകൾ പ്രചാരണരംഗത്ത് സജീവമാണ്. കഴിഞ്ഞതവണ വിജയിച്ച എൽ.ഡി.എഫിലെ ഡാലിയ സുരേഷ് (അന്നമ്മ പി.ജോസഫ്-കേരള കോൺഗ്രസ് മാണിവിഭാഗം) അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാൽ രാജിവെച്ചതിനെ തുടർന്നാണ് രണ്ടുവർഷം തികയും മുമ്പേ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിലെ മായ അനിൽകുമാറാണ് എൽ.ഡി.എഫിന്റെ പുതുമുഖ സ്ഥാനാർഥി. ദീർഘകാലമായി എൽ.ഐ.സി ഏജന്റായ മായയെ രംഗത്തിറക്കി സീറ്റ് നിലനിർത്താനാണ് എൽ.ഡി.എഫ് നീക്കം. കൈവിട്ടുപോയ സീറ്റ് തിരികെപ്പിടിക്കാൻ കടപ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ആനി തോമസിനെയാണ് യു.ഡി.എഫ് അങ്കത്തിനിറക്കിയത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ടുതവണ മത്സരിച്ച ആനി തോമസ് ഇത് രണ്ടാംതവണയാണ് ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. എയർ ട്രാവൽസ് ഉടമയും എൽ.ഐ.സി ഏജന്റുമാണ് ഇവർ.
നെടുമ്പ്രം പഞ്ചായത്ത് നാലാംവാർഡ് അംഗമായ സന്ധ്യമോളെ രംഗത്തിറക്കി എൻ.ഡി.എയും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. രണ്ടാംതവണയും പഞ്ചായത്ത് അംഗമായ സന്ധ്യ മഹിളമോർച്ച ജില്ല വൈസ് പ്രസിഡന്റ് കൂടിയാണ്.
നേതാക്കളെത്തി; മത്സരം കനക്കുന്നു
ഇരു മുന്നണികളുടെയും മുതിർന്ന നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട്. ജില്ല കോൺഗ്രസ് സമിതി അധ്യക്ഷൻ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വോട്ടറായ ഡിവിഷനായതിനാൽ അദ്ദേഹത്തിന് അഭിമാനപോരാട്ടം കൂടിയാണ്. തന്റെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയടക്കം പ്രചാരണത്തിന് എത്തിച്ചിരുന്നു. അതേസമയം താഴെത്തട്ടിലെ ഘട്ടംഘട്ടമായ പ്രചാരത്തിലൂടെ ഒരു പണത്തൂക്കം മുന്നിലാണ് എൽ.ഡി.എഫ്. ജോസ് കെ.മാണി എം.പിയും മറ്റ് മുതിർന്ന ഇടതുനേതാക്കളും പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. അതേസമയം, ഇവിടെ ആരുജയിച്ചാലും ജില്ല പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിന് ഭീഷണിയില്ല.
റാന്നി അങ്ങാടി, കോന്നി, പ്രമാടം, ഏനാത്ത് ഡിവിഷനുകളാണ് യു.ഡി.എഫിനുള്ളത്. ബുധനാഴ്ച തന്നെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊന്തംകേരി ഡിവിഷനിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ല ഭരണകൂടം ഒരുക്കിക്കഴിഞ്ഞു.
മാറിമറിഞ്ഞ ചരിത്രം
നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളാണ് പുളിക്കീഴ് ഡിവിഷനിലുള്ളത്. ഈ പഞ്ചായത്തുകളിലെ ഭരണം കണക്കാക്കിയാൽ എൽ.ഡി.എഫിനാണ് മേൽക്കൈ. നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫും നിരണം, കടപ്ര പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്. 60 വാർഡുകളിലെ 92 ബൂത്തുകളിലായി 65,840 വോട്ടർമാരാണുള്ളത്. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും പോരാടുമ്പോൾ ചരിത്രം മാറ്റിമറിക്കാനാണ് എൻ.ഡി.എയുടെ മത്സരം. കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിൽ കഴിഞ്ഞതവണ ഭരിച്ചതും പാർലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ വോട്ട് വർധനയും തുണയാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ കേന്ദ്രങ്ങൾ.
ജില്ല പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതൽ യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമായിരുന്നു പുളിക്കീഴ് ഡിവിഷനുള്ളത്. കഴിഞ്ഞതവണ മാത്രമാണ് ഡിവിഷൻ എൽ.ഡി.എഫിനെ പിന്തുണച്ചത്. 1995ൽ കോൺഗ്രസ് നേതാവ് നിരണം തോമസാണ് ഡിവിഷനെ ആദ്യം വലത്തേക്ക് അടുപ്പിക്കുന്നത്. 2000ത്തിൽ കേരള കോൺഗ്രസ് എമ്മിന് കൈമാറിയ മണ്ഡലത്തിൽ അംബിക മോഹൻ വിജയിച്ചു.
2005ൽ സജി അലക്സ്, 2010ൽ വീണ്ടും അംബിക മോഹൻ, 2015ൽ സാം ഈപ്പൻ എന്നിവർ ഡിവിഷൻ കൈവിടാതെ കാത്തു. എന്നാൽ, 2020ൽ എൽ.ഡി.എഫിനെ വിജയിപ്പിച്ച് പുളിക്കീഴ് ഡിവിഷൻ ചരിത്രം മാറ്റിയെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.