തിരുവല്ല: ജലവിതരണ വകുപ്പിെൻറ കടുത്ത അനാസ്ഥമൂലം കുടിവെള്ളം കിട്ടാക്കനിയായി പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ, ആലംതുരുത്തി നിവാസികൾ. പെരിങ്ങര പഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാർഡുകളിൽ ഉൾപ്പെടുന്ന മുണ്ടപ്പള്ളി കോളനി, ചക്കുളത്തുകാവ്, കഴുപ്പിൽ കോളനി, തെന്നടിച്ചിറ കോളനി, ചാലക്കുഴി കോളനിപ്രദേശങ്ങളിലെ കോവിഡ് ബാധിതരക്കമുള്ള മുന്നൂറോളം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമംമൂലം ദുരിതമനുഭവിക്കുന്നത്.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പൈപ്പ് ലൈനിലൂടെ വെള്ളമെത്തിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി അതും മുടങ്ങിയ അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശങ്ങളിലെ അപൂർവം ചില വീടുകളിൽ മാത്രമാണ് കിണർ ഉള്ളത്. അവയാകട്ടെ വേനൽക്കാലമാകുന്നതോടെ കലങ്ങിമറിഞ്ഞ് കുടിവെള്ളം യോഗ്യമല്ലാത്ത അവസ്ഥയിലാണ്. കിണറുകളിലെയും തോടുകളിലെയും വെള്ളം അരിച്ചെടുത്താണ് പ്രദേശവാസികൾ പാത്രങ്ങൾ കഴുകുന്നതിനടക്കമുള്ള ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന് ജലവിതരണ വകുപ്പിനെ മാത്രമാണ് പ്രദേശവാസികൾക്ക് ആശ്രയം.
ജലവിതരണം മുടങ്ങിയതോടെ ഇടിഞ്ഞില്ലം അടക്കമുള്ള പ്രദേശങ്ങളിൽനിന്ന് കുടിവെള്ളം കന്നാസുകളിൽ നിറച്ച് എത്തിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ശുദ്ധജലക്ഷാമം രൂക്ഷമായ ഈ ഭാഗങ്ങളിൽ കോവിഡ് പോസിറ്റിവായ നാൽപതോളം പേർ വീടുകളിൽ കഴിയുന്നുണ്ട്. 130 പേർ ഗാർഹിക നിരീക്ഷണത്തിലുമുണ്ട്.
ശുദ്ധജലക്ഷാമം ഇവരെയും ഏറെ വലക്കുന്നു. ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിതരണ വകുപ്പിന് നിരവധി പരാതികൾ നൽകിയിട്ടും ഫലമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജലവിതരണ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.