തിരുവല്ല: ശക്തമായി പെയ്ത മഴയോടൊപ്പം വീശി അടിച്ച കാറ്റിൽ തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ വൻ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടും ചൊവ്വാഴ്ച പുലർച്ചെയുമായിട്ടാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ കൂറ്റൻ മരം കടപുഴകി വീണ് പുളിക്കീഴ് പോലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പൂർണമായും നശിച്ചു. സ്റ്റേഷൻ എസ് എച്ച് ഒ, എസ്.ഐ എന്നിവരുടെ കാറുകളാണ് നശിച്ചത്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 25 ഓളം ഇരുചക്ര വാഹനങ്ങളും തകർന്നു. സ്റ്റേഷന് മുൻവശത്തായി റോഡിനോട് ചേർന്ന് നിന്നിരുന്ന മരമാണ് കടപുഴകിയത്.
മരം കടപുഴകുന്നത് കണ്ട് സ്റ്റേഷന് മുൻവശത്ത് ഉണ്ടായിരുന്ന പോലീസുകാർ ഉൾപ്പെടെയുള്ളവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവല്ലയിൽ നിന്നും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് മരം മുറിച്ച് നീക്കിയത്. വീശിയടിച്ച ശക്തമായ കാറ്റിൽ വളഞ്ഞവട്ടത്ത് മംഗലശ്ശേരിയിൽ എൻ. ശോഭന, താന്നിമൂട്ടിൽ റോയ് എന്നിവരുടെ വീടുകൾ തകർന്നു. സമീപ പുരയിടത്തിൽ നിന്നിരുന്ന മരമാണ് ശോഭനയുടെ വീടിന് മുകളിലേക്ക് പതിച്ചത്. മേൽക്കൂര പൂർണമായി തകർന്നു. സ്വന്തം പുരയിടത്തിൽ നിന്നിരുന്ന മരം വീണ് റോയിയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. പ്രദേശത്തെ ആറ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ വീശിയടിച്ച കാറ്റിൽ നെടുമ്പ്രം തുണ്ടിയിൽ സ്കറിയ എബ്രഹാമിന്റെ വീട് തകർന്നു. രണ്ടു മുറികൾ പൂർണമായും തകർന്നു. അടുക്കളയുടെ ഭിത്തി വിണ്ട് കീറി.
വീടിന്റെ മേൽക്കൂര തകരുന്ന ഒച്ച കേട്ട് സ്കറിയ എബ്രഹാമിന്റെ ഭാര്യയും മകനും പിൻ വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായം സംഭവിച്ചില്ല. സ്വന്തം ഭൂമിയിലെ ആഞ്ഞിലി മരമാണ് കടപുഴകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.