തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ബഹുഭൂരിപക്ഷം റോഡുകളും വികസിച്ചപ്പോഴും അപ്പർകുട്ടനാടൻ മേഖലയിലെ പ്രധാന യാത്രാമാർഗമായ കടപ്ര-വീയപുരം ലിങ്ക് ഹൈവേ അവഗണനയിൽ. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതരത്തിൽ ഏഴ് കിലോമീറ്റർ ദൂരത്തിൽ 15 വർഷം മുമ്പ് നിർമിച്ച റോഡാണിത്. കാലവർഷക്കാലത്തടക്കം പെയ്യുന്ന ചെറിയ മഴയിൽപോലും റോഡിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിൽ മുങ്ങുന്നതാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്.
കടപ്ര കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തുനിന്ന് പല ഭാഗങ്ങളിലായി ഉണ്ടാവുന്ന വെള്ളക്കെട്ട് വിയപുരം പാലത്തിന് സമീപത്തുവരെ നീളും. മഴക്കാലമായാൽ വാഹനഗതാഗതം നിലക്കുന്ന രീതിയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടും. അപ്പർ കുട്ടനാടൻ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ റോഡ് നിർമിക്കുന്നതിൽ അധികൃതർക്ക് സംഭവിച്ച വീഴ്ചയാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. മഴ കനക്കുന്നതോടെ വെള്ളക്കെട്ട് മൂലം അത്യാസന്ന നിലയിലെ രോഗികളെപോലും നിരണത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുന്നതിനടക്കം തടസ്സങ്ങൾ നേരിടാനുള്ളതായി പ്രദേശവാസികൾ പറയുന്നു. മഴക്കാലമായാൽ ലിങ്ക് ഹൈവേയിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് എൻജിൻപണി അടക്കമുള്ള കേടുപാടുകൾ വരുത്തുന്നതായി നിരണത്തെ ഓട്ടോ ഡ്രൈവർമാരും പറയുന്നു. ലിങ്ക് ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്വകാര്യ വസ്തുക്കളുടെ നഷ്ടപരിഹാര തുക ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ഇതിനായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. വെള്ളക്കെട്ട് പതിവാകുന്ന ഭാഗം മണ്ണിട്ടുയർത്തി ലിങ്ക് ഹൈവേ പുനരുദ്ധരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.