തിരുവല്ല: പെരിങ്ങരയിലെ ആരാധനാലയങ്ങളിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ നാട്ടുകാർ തൊണ്ടിസഹിതം പിടികൂടി. കന്യാകുമാരി ആണ്ടുകോട് സ്വദേശി രഘുമണിയെയാണ് (42) അപഹരിച്ച പണവുമായി നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. എസ്.എൻ.ഡി.പി യോഗം പെരിങ്ങര 594ാം ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലും തോമാടിയിലും ഗണപതിപുരത്തുമുള്ള കുരിശടികളിലും കോച്ചാരിമുക്കത്തെ ഒരുചായക്കടയിലുമാണ് ഇയാൾ മോഷണം നടത്തിയത്.
ശനിയാഴ്ച പുലർച്ച ഒന്നിന് ഗുരുവാണീശ്വരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം എടുക്കുന്നതിനിടെ ശബ്ദംകേട്ടുണർന്ന മേൽശാന്തി ബഹളംെവച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും ചേർന്ന് സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
രാവിലെ ഏഴിന് ചാത്തങ്കരി ജങ്ഷന് സമീപത്തെത്തിയ ഇയാളെ സംശയംതോന്നിയ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
പലയിടങ്ങളിലായി അപഹരിച്ച പണം ഇയാൾ പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്നു. ഇയാളുടെ പ്ലാസ്റ്റിക് ചാക്കിൽനിന്ന് 8000 രൂപയും കണ്ടെടുത്തു. പുളിക്കീഴിൽ മാസങ്ങൾക്ക് മുമ്പ് ഇയാൾ മേസ്തിരിപണി ചെയ്യാൻ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പുളിക്കീഴ് പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.