തിരുവല്ല: സി.പി.എം ഭരിക്കുന്ന തിരുവല്ല അർബൻ സഹ.ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുൻ ബ്രാഞ്ച് മാനേജർ പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. തിരുവല്ല നഗരസഭയിൽ സി.പി.എമ്മിന്റെ മുൻ കൗൺസിലായിരുന്ന ഇവർ മഹിള അസോസിയേഷൻ നേതാവുമാണ്. തിരുവല്ല മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകൾ നീന മോഹനും ബാങ്കിനെതിരെ
പരാതിയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഒഴിവാക്കാൻ പ്രീത മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ എത്തിയത്. ഈ ജാമ്യാപേക്ഷയാണ് ചൊവ്വാഴ്ച തള്ളിയത്.
രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്ക് മുമ്പാകെ ഹാജരാകാൻ പ്രീതയോട് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത നാലര ലക്ഷം രൂപയിൽ 3,70,000 രൂപ ബാങ്കിൽ തിരിച്ചടച്ചതായി പ്രീത പ്രതികരിച്ചു. എന്നാൽ, ബാങ്കിൽ പണം എത്തിയിട്ടില്ലെന്ന് ബാങ്ക് ചെയർമാനും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ. ആർ. സനൽകുമാർ പറയുന്നു.
2015ലാണ് വിജയലക്ഷ്മി 3,50,000 രൂപ തിരുവല്ല അർബൻ സഹ.ബാങ്കിൽ നിക്ഷേപിച്ചത്. അഞ്ചു വർഷത്തിനുശേഷം പലിശ സഹിതം 6,70,000 രൂപ കിട്ടേണ്ടിടത്ത് നിക്ഷേപത്തുക തിരികെ എടുക്കാൻ ചെന്നപ്പോൾ അക്കൗണ്ട് കാലി. 2022 ഒക്ടോബറിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ടതായി അറിഞ്ഞത്.
തുടർന്ന് വിജയലക്ഷ്മി തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നൽകി. അടുത്ത ദിവസം സ്റ്റേഷനിൽ എത്തിയ പ്രീതയും മറ്റൊരു ജീവനക്കാരിയും തങ്ങളാണ് വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചതെന്ന് സമ്മതിച്ചു. തുടർന്ന് മൂന്ന് മാസത്തിനകം പണം തിരികെ നൽകാം എന്ന ഉറപ്പിൽ ഇവർ ചെക്കും പ്രോമിസറി നോട്ടും പരാതിക്കാരിക്ക് നൽകി. അഞ്ചുമാസങ്ങൾക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈകോടതിക്കും പരാതി നൽകിയത്.
ഏഴു ദിവസത്തിനകം നിക്ഷേപകയുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർ രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ബാങ്ക് നടത്തിയ പരിശോധനയിലും ജീവനക്കാരിയായ പ്രീത ഹരിദാസും മറ്റൊരു ജീവനക്കാരി സുഷമയും ചേർന്നാണ് നിക്ഷേപകയുടെ വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കിയതെന്ന് വ്യക്തമായിരുന്നു.
പണം തട്ടിയ ജീവനക്കാരിയെ പുറത്താക്കിയെന്നും നഷ്ടമായ പണം നൽകേണ്ട ബാധ്യത ബാങ്കിനില്ലെന്നുമാണ് ബാങ്ക് ചെയർമാൻ ആർ. സനൽകുമാറിന്റെ വിശദീകരണം. ‘മാധ്യമം’ ആണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.