തിരുവല്ല : സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന റോഡ് നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം രണ്ടാം കുറ്റിയിൽ പന്തപ്ലാവിൽ വീട്ടിൽ സിദ്ദീഖ് (40) , ഇയാളുടെ ബന്ധു കറ്റാനം ഇലിപ്പക്കുളം തടയിൽ വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ് (29) എന്നിവരാണ് പിടിയിലായത്.
സാധന സാമഗ്രികൾ മോഷണം പോകുന്നതായി കാട്ടി കൺസ്ട്രക്ഷൻ കമ്പനി മാനേജർ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ബുധനാഴ്ച പുലർച്ച മൂന്നുമണിയോടെ പെട്ടി ഓട്ടോയിൽ എത്തിയ ഇരുവരും ചേർന്ന് മണിപ്പുഴയിൽനിന്ന് റോഡ് വക്കിൽ സൂക്ഷിച്ചിരുന്ന ഉരുക്ക് പാളി ഉൾപ്പെടെയുള്ള സാധനങ്ങൾ ഓട്ടോയിലേക്ക് കയറ്റുകയായിരുന്നു.
ഇതിനിടെ കൺസ്ട്രക്ഷൻ കമ്പനിയിലെ രണ്ട് ജീവനക്കാർ ബൈക്കിൽ ഇതുവഴി വന്നു. അവരെ കണ്ടതോടെ ഇരുവരും ഓട്ടോയിൽ രക്ഷപ്പെട്ടു. ഇതോടെ ജീവനക്കാർ ഓട്ടോയെ ബൈക്കിൽ പിന്തുടർന്നു. മാന്നാറിൽ വെച്ച് അമിത വേഗത്തിൽ പോകുന്ന ഓട്ടോയും പിന്തുടരുന്ന ബൈക്കും പൊലീസ് പട്രോളിങ്ങ് സംഘത്തിെൻറ ശ്രദ്ധയിൽ പെട്ടു. ഇവരെ പിന്തുടർന്ന പൊലീസ് ജീപ്പ് കുറുകെയിട്ട് ഓട്ടോ തടഞ്ഞു.
ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയ സിദ്ദീഖിനെയും മുഹമ്മദ് ഇല്യാസിനെയും പൊലീസും ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന സാധന സാമഗ്രികളാണ് കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടെ ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.