യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവം; തിരുവല്ലയിൽ രണ്ടു പേർ അറസ്റ്റിൽ

തിരുവല്ല: തിരുവല്ല കടപ്രയിൽ സിനിമ കാണുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മൂന്ന് പേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ പുളിക്കീഴ് അറസ്റ്റ് ചെയ്തു. പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ചെങ്ങന്നൂർ പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ സുധി എന്ന് വിളിക്കുന്ന സുധീഷ് എന്ന് വിളിക്കുന്ന ശ്രുതീഷ് (31), പ്രതികൾക്ക് ഒളിത്താവളം ഒരുക്കി നൽകിയ ചെണ്ടന്നൂർ കീഴ്ച്ചേരി മേൽ പാറയ്ക്കൽ വീട്ടിൽ മുത്ത് എന്ന് വിളിക്കുന്ന സുജിത്ത് കൃഷ്ണൻ(37) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ തിയറ്റർ ജീവനക്കാർ ചേർന്ന് ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്നു പുറത്താക്കി. തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയ പരുമല സ്വദേശികളെ ഒന്നാംപ്രതി ശ്രുതീഷും കൂട്ടുപ്രതി കടപ്ര സ്വദേശി നിഷാദും ചേർന്ന് വടിവാൾ ഉപയോഗിച്ച് മൂവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തിയറ്റർ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തും മുമ്പ് വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ മുഖ്യ പ്രതിയെ ചെങ്ങന്നൂരിലെ ലോഡ്ജിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ സുധീഷിന് എതിരെ 5 വധശ്രമ കേസുകളും മൂന്ന് അടിപിടി കേസും അടക്കം പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ജെ. ഷെജിം, ഷിജു കെ. സാം,

എ.എസ്.ഐ അനിൽ എസ്.എസ്, സി.പി.ഒമാരായ അനൂപ്, സുദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ രണ്ടാംപ്രതി നിഷാദിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Youths were hacked; Two persons arrested in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.