തിരുവല്ല: പൊടിയാടി-മാവേലിക്കര സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ട് പതിവാകുന്ന ഭാഗം മണ്ണിട്ട് ഉയർത്തുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി പരാതി.
പുളിക്കീഴ് ജങ്ഷൻ മുതൽ ട്രാവൻകൂർ ഷുഗേഴ്സ് വരെയുള്ള 300 മീറ്ററോളം ഭാഗം മണ്ണിട്ട് ഉയർത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. മൂന്നടിയോളം ഉയർത്തിയ റോഡിൽ ഭാരവാഹനങ്ങൾ താഴുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നത്.
ബുധനാഴ്ച രാവിലെയും തടികയറ്റി വന്ന മിനിലോറിയും പച്ചക്കറിയുമായി വന്ന ലോറിയും മണ്ണിൽ പുതഞ്ഞു. തുടർന്ന് മണ്ണുമാന്തി ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ കരകയറ്റിയത്.
ഇതോടെ റോഡിന്റെ ഇരുവശത്തുമായി രണ്ട് കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഗതാഗതം പൂർണമായും നിലച്ചു. സ്കൂൾ ബസുകൾ അടക്കം കുടുങ്ങി. മണ്ണിൽ പുതഞ്ഞ് നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്കും പരിക്ക് ഏൽക്കുന്നുണ്ട്. പൊലീസും പ്രദേശവാസികളും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. റോഡ് ഉയർത്തുന്ന ജോലികൾ യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്തുതീർക്കാൻ കരാർ കമ്പനി തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.