പത്തനംതിട്ട: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാട സന്ധ്യയില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രകടവില്‍നിന്ന് പുറപ്പെട്ടു. ഞായറാഴ്ച വൈകീട്ട് ദീപാരാധനക്കുശേഷമാണ് കാട്ടൂര്‍ ക്ഷേത്ര കടവില്‍ നിന്നും തിരുവോണത്തോണി യാത്ര ആരംഭിച്ചത്. തിരുവോണത്തോണി തിങ്കളാഴ്ച പുലർച്ച ആറന്മുളയിൽ എത്തും.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തോണി വരവ് സമയത്ത് അനിയന്ത്രിതമായി ആളുകൾ എത്തുന്നത് തടയുന്നതിന് പൊലീസ് രംഗത്തുണ്ടാകും. കുമാരനല്ലൂർ മങ്ങാട്ടില്ലം എം.ആർ. രവീന്ദ്രബാബു ഭട്ടതിരിയാണ് തോണിയാത്രക്ക് നായകത്വം വഹിക്കുന്നത്. രവീന്ദ്രബാബു ഭട്ടതിരിയുടെ കന്നിയാത്രയാണ് ഇത്. കഴിഞ്ഞവർഷം പോയിരുന്നത് ബാബുവിെൻറ ജ്യേഷ്ഠ സഹോദരൻ നാരായണ ഭട്ടതിരിയായിരുന്നു. അദ്ദേഹത്തിെൻറ വിയോഗത്തെത്തുടർന്നാണ് ആചാരാനുഷ്ഠാന നിയോഗം രവീന്ദ്ര ബാബുവിൽ എത്തിയത്.
ഞായറാഴ്ച അയിരൂർ പുതിയകാവിലെ ഉച്ചപൂജക്കുശേഷമാണ് വൈകീട്ട് മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ എത്തിയത്. കാട്ടൂർ ക്ഷേത്രക്കടവിലെത്തിയ ഭട്ടതിരിയെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളും 18 നായർ തറവാടുകളിലെ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. വൈകീട്ട് ദീപാരാധക്ക് തൊട്ടുമുമ്പായി ആറന്മുള പാർഥസാരഥിയുടെ കെടാവിളക്കിൽ കത്തിക്കാനുള്ള ദീപം കാട്ടൂർ ക്ഷേത്രം മേൽശാന്തി പകർന്നുനൽകി.
തുടർന്ന് തോണിയിലേക്ക് ഓണസദ്യക്കുള്ള വിഭവങ്ങൾ കയറ്റി. ചോതി അളവിെൻറ ഭാഗമായി ലഭിച്ച നെല്ലുകുത്തി അരിയാക്കിയത് ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളാണ് തോണിയിൽ കയറ്റിയത്. മങ്ങാട്ട് ഭട്ടതിരി തോണിയിൽ പ്രവേശിച്ചശേഷം അവകാശ കുടുംബ പ്രതിനിധികളും തോണിയിൽ കയറി.
ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ തോണി ആറന്മുള ലക്ഷ്യമാക്കിനീങ്ങി. ഇന്ന് പുലർച്ച 5.30ന് ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും മറ്റും ചേർന്ന് സ്വീകരിക്കും. മങ്ങാട്ട് ഭട്ടതിരി ക്ഷേത്രത്തിൽ പ്രവേശിച്ച് കെടാവിളക്കിലേക്കുള്ള ദീപം മേൽശാന്തിക്ക് കൈമാറിയശേഷം പുറത്തിറങ്ങും.
തുടർന്ന് സദ്യക്കുള്ള ഒരുക്കം ആരംഭിക്കും. ഭട്ടതിതിരി വൈകീട്ട് ദീപാരാധന തൊഴുതശേഷം ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി സ്വീകരിച്ച് ഇത് ഭഗവാന് സമർപ്പിച്ച് പ്രാർഥിച്ച് കുമാരനല്ലൂരിന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.