പത്തനംതിട്ട: ജില്ലയിൽ ഇപ്പോഴും ഓൺലൈൻ പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടി ആയിരത്തോളം കുട്ടികൾ. പഠനസാമഗ്രികളില്ലാത്തവരാണ് ഇതിലേറെ. നെറ്റ്വർക്ക് കവറേജ് ലഭിക്കാത്തവരുമുണ്ട്. സ്മാർട്ട് ഫോൺ, ടി.വി തുടങ്ങി പഠനസാമഗ്രികൾ എത്തിക്കുന്ന തിരക്കിട്ട ശ്രമങ്ങൾ സ്കൂളുകളുടെ ചുമതലയിൽ നടന്നുവരുന്നുണ്ട്. സൗകര്യങ്ങൾ നൽകിയാലും പഠനം സാധ്യമാകാതെവരുന്ന കുട്ടികളുടെ കണക്കെടുപ്പും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇവരെ പരിധിയിലാക്കാൻ പൊതുസംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരും.
രണ്ടാഴ്ച മുമ്പ് ശേഖരിച്ച കണക്കുകളിൽ ജില്ലയിൽ 1853 കുട്ടികൾക്കാണ് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തതെന്നായിരുന്നു കണക്കുകൾ. സ്കൂൾ അധികൃതരിൽനിന്ന് ശേഖരിച്ച കണക്കുകളായിരുന്നു ഇത്. ജില്ലയിലെ മലയോര മേഖലകളിലും ആദിവാസിക്കുടികളിലുമാണ് ഓൺലൈൻ പഠനം ഇപ്പോഴും ബുദ്ധിമുട്ടിലായത്. ഇത്തരം സ്ഥലങ്ങളിൽ പൊതുപഠന കേന്ദ്രങ്ങളിലേക്ക് കുട്ടികളെ എത്തിക്കാനാണ് ശ്രമം. കഴിഞ്ഞവർഷം പൊതുപഠന കേന്ദ്രങ്ങളിൽ ടി.വി സ്ഥാപിച്ച് കുട്ടികളെ വിക്ടേഴ്സ് ചാനൽ ക്ലാസുകൾ കാണിച്ചിരുന്നു. നൂറോളം കേന്ദ്രങ്ങൾ ഇത്തരത്തിൽ ഒരുക്കിയിരുന്നു.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എമാരും മറ്റും വിഷയത്തിൽ ഇടപെട്ട് കൂടുതൽ പേർക്ക് ഫോണുകൾ എത്തിച്ചു. കൂടാതെ, സ്കൂളുകൾ കേന്ദ്രീകരിച്ച് സ്മാർട്ട് ഫോൺ ചലഞ്ച് പ്രോഗ്രാമുകൾ നടന്നു. നിരവധി സന്നദ്ധസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ എന്നിവരൊക്കെ ഇതിൽ പങ്കാളികളായി.
വിക്ടേഴ്സ് ചാനൽ ക്ലാസിനൊപ്പം സ്കൂളുകളിൽനിന്നുള്ള ക്ലാസുകൾകൂടി ഇക്കൊല്ലം മുതൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കാനായാണ് സ്മാർട്ട് ഫോണുകളുടെ ലഭ്യത ഓരോ കുട്ടിക്കും ഉറപ്പാക്കേണ്ടിവന്നത്. കുട്ടികൾക്ക് പൂർണമായി ഫോണുകൾ ആകാത്തതിനാൽ പല സ്കൂളും നേരിട്ടുള്ള ക്ലാസുകൾ തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.