വടശ്ശേരിക്കര: കൂട് സ്ഥാപിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും കടുവയെ പിടിക്കാൻ കഴിഞ്ഞില്ല. വളർത്തുമൃഗങ്ങൾക്കുനേരെ തുടർച്ചയായി കടുവയുടെ ആക്രമണമുണ്ടായ പെരുനാട് ബഥനിമലയ്ക്ക് മുകളിലെ കാടുമൂടിയ പറമ്പുകളിൽ ഒന്നിലാണ് കഴിഞ്ഞദിവസം വനംവകുപ്പ് കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചത്. എന്നാൽ, പകൽപോലും ജനവാസമേഖലയിൽ പ്രത്യക്ഷപ്പെടുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത കടുവ കൂട് സ്ഥാപിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും കൂടിന് സമീപത്തുപോലും എത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കടുവയെ ആകർഷിക്കാൻ കശാപ്പുശാലയിൽനിന്ന് പോത്തിന്റെ തല കൊണ്ടുവന്ന് കൂട്ടിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ശരീരഭാഗങ്ങൾ ഈ പ്രദേശത്തുതന്നെ കിടക്കുന്നതിനാൽ കടുവ കൂട്ടിലെത്താൻ സാധ്യത കുറവാണെന്നും പറയുന്നു. ചത്ത പശുവിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ രാത്രി കടുവ സമീപത്തെ കാട്ടുപൊന്തയിലേക്ക് വലിച്ചുകൊണ്ടുപോയിട്ടുണ്ട്. കാടുമൂടിയ തോട്ടം മേഖലക്ക് സമീപം ജനവാസമേഖലയിൽ കടുവയെ കണ്ടതോടെ നാട്ടിലെങ്ങും ഭീതി പരക്കുകയും പകൽപോലും ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി കാർമൽ എൻജിനീയറിങ് കോളജിനുസമീപം വളവിനാൽ റെജി തോമസിന്റെ പശുവിനെയാണ് കടുവ ആദ്യം കൊന്നത്. ചത്ത പശുവിന്റെ കിടാരിയെ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കടുവ ആക്രമിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ചൊവ്വാഴ്ച രാത്രി ബഥനി മാമ്പറേത്ത് രാജന്റെ പശുവിനെക്കൂടി കൊന്നതോടെ പെരുനാട് മേഖലയിൽ ഭീതി പടരുകയും വനംവകുപ്പും നാട്ടുകാരും സ്ഥലത്ത് പട്രോളിങ് ഏർപ്പെടുത്തുകയും കാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതോടെയാണ് കൂടെത്തിച്ച് കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.