ചിറ്റാർ: ഗുരുതര ന്യുമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഷഫീഖ് അഹമ്മദിെന രക്ഷിക്കാൻ ജന്മനാടായ ചിറ്റാർ കൈകോർക്കുന്നു. ചിറ്റാർ പഞ്ചായത്തിലെ ജനങ്ങൾ ഞായറാഴ്ച ഒരുദിവസംകൊണ്ടാണ് ചികിത്സ ധനസഹായ സമാഹരണം നടത്തുന്നത്. ചിറ്റാർ പന്നിയാർ കോളനിയിൽ തൈക്കാവിൽ വീട്ടിൽ ഷഫീഖ് അഹമ്മദ് (34) അപൂർവ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ വളരെ ചെലവേറിയതാണ്. നിർധന കുടുംബം ചികിത്സക്ക് വലിയൊരു തുക ഇതിനകം ചെലവഴിച്ചു. ഇതോടെ ഇവർക്കുമേൽ വലിയ കടബാധ്യതയും അവശേഷിക്കുകയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായംകൊണ്ടാണ് അത്യാവശ്യ ചികിത്സകൾ ഇപ്പോൾ നടത്തുന്നത്.
ചികിത്സക്ക് 30 ലക്ഷത്തിലധികം രൂപ അടിയന്തരമായി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർ ചികിത്സ അടിയന്തരമായി നടത്തിയാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു ദിവസംകൊണ്ട് പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ചാണ് സമാഹരണം നടത്തുന്നത്. ഇതിന് കഴിഞ്ഞ ദിവസം ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡൻറ് സജി കുളത്തുങ്കൽ ചെയർമാനും പഞ്ചായത്ത് അംഗം എ. ബഷീർ സെക്രട്ടറിയുമായ ചികിത്സ സഹായ സമതി രൂപവത്കരിച്ചു.
13 വാർഡിലായി വാർഡ് അംഗങ്ങൾ അധ്യക്ഷന്മാരായി സ്ക്വാഡുകളും രൂപവത്കരിച്ചു. സ്ഥിരമായ ജോലിയും വരുമാനവുമില്ലാത്ത ഷഫീഖിന് ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. ചികിത്സസഹായ സമിതിയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ ഞായറാഴ്ച പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വീടുകളിലെത്തി ഒരു ദിവസംകൊണ്ട് സഹായധനം സ്വീകരിക്കും. ചികിത്സസഹായം സ്വരൂപിക്കാൻ അക്കൗണ്ടും തുറന്നിട്ടുണ്ട്. അന്വേഷണങ്ങൾക്ക്: 9947205776.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.