കൊച്ചി: പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നഗരസഭയുടെ നിലപാടും തേടണമെന്ന് ഹൈകോടതി. നഗരസഭയിൽ നിന്ന് ചുമതല മാറ്റുന്നത് തർക്കത്തിലായ സാഹചര്യത്തിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഇടക്കാല ഉത്തരവ്.
ആശുപത്രി ഭരണം ജില്ലാപഞ്ചായത്തിന് കൈമാറാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ആശുപത്രി ഭരണം ജില്ലാ പഞ്ചായത്തിന് കൈമാറുന്നതിനെതിരേ നഗരസഭ പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും സെക്രട്ടറിയുടെ റിപ്പോർട്ടും ഹാജരാക്കിയാൽ സർക്കാർ പത്തു ദിവസത്തിനകം അത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, ആശുപത്രിയുടെ ദൈനംദിന കാര്യങ്ങൾ തടസപ്പെടാത്ത വിധം ഭരണ കാര്യങ്ങളിൽ തൽസ്ഥിതി തുടരണം. ഹോസ്പിറ്റൽ മാനജ്മെന്റ് സമിതി രൂപീകരിക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്തിന് മുന്നോട്ടുപോകാം. ആശുപത്രി ഭരണം ഈ സമിതി ഏറ്റെടുക്കുന്ന കാര്യം കോടതിയുടെ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.