അടൂർ: സ്വകാര്യ വ്യക്തിയുടെ പരാതിയിന്മേൽ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ പൊതുമരാമത്ത് മന്ത്രി പുലിവാലു പിടിച്ചു. സ്ഥലംമാറ്റപ്പെട്ട ഓവർസിയർ പരാതിക്കാധാരമായ സംഭവം നടന്ന ദിവസം അവധിയിലായിരുന്നതാണ് മന്ത്രിയെ വെട്ടിലാക്കിയത്.
അസി. എക്സി. എൻജിനീയർ എസ്. റസീനയെ മലപ്പുറത്തേക്കും അസി. എൻജിനീയർ അഭിലാഷിനെ കണ്ണൂരിലേക്കും ഓവർസിയർ സുമയെ ഇടുക്കിയിലേക്കുമാണ് സ്ഥലംമാറ്റിയത്. നവംബർ അഞ്ചിനു മുമ്പ് പണികൾ തീർക്കണമെന്നായിരുന്നു എക്സിക്യൂട്ടിവ് എൻജിനീയറുടെ കർശന നിർദേശം.
എന്നാൽ, ശക്തമായ തുലാമഴ ഇതിന് തടസ്സമായി. ഒക്ടോബർ 31ന് പറക്കോട് ഹൈസ്കൂൾ ജങ്ഷനിൽ തകർന്ന പാതഭാഗം കഴിഞ്ഞ ദിവസം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷം ബെറ്റുമിൻ മെക്കാഡം കുത്തിനിറച്ചുകൊണ്ടിരുന്നപ്പോൾ ശക്തമായ മഴ പെയ്തു. മെറ്റൽ കൂനകളുടെ ഇടക്ക് വെള്ളം കെട്ടിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന അസി. എൻജിനീയറും ഓവർസിയറും പണി നിർത്തിവെപ്പിച്ച് തിരികെപ്പോയി.
എന്നാൽ, മഴ കുറഞ്ഞപ്പോൾ അധികൃതരെ അറിയിക്കാതെ കരാറുകാരൻ പണി പുനരാരംഭിച്ചു. മഴയത്ത് റോഡുപണി ചെയ്യുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സ്വകാര്യ വ്യക്തി മന്ത്രിക്ക് അയച്ചുകൊടുത്തതാണ് ഉദ്യോഗസ്ഥർക്ക് വിനയായത്.
ഉദ്യോഗസ്ഥർക്കെതിരെ പത്തനംതിട്ട എക്സിക്യൂട്ടിവ് എൻജിനീയർ തെറ്റായ റിപ്പോർട്ട് നൽകിയതാണ് മന്ത്രിക്ക് അബദ്ധം പിണയാൻ ഇടയാക്കിയതെന്ന് അറിയുന്നു. നടപടിക്കിരയായ ഉദ്യോഗസ്ഥർ പിന്നീട് തെളിവുസഹിതം വിശദീകരണം നൽകിയതിനെ തുടർന്ന് ഓവർസിയർ സുമയുടെ സ്ഥലംമാറ്റ ഉത്തരവ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചു.
എന്നാൽ, മറ്റു രണ്ടുപേരുടെയും കാര്യത്തിൽ പുനർവിചിന്തനം ഉണ്ടായതുമില്ല. ഇവർ ഉത്തരവ് അനുസരിച്ച് അതത് സ്ഥലങ്ങളിൽ ചുമതലയേറ്റു. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും സംസ്ഥാന പാതയിലെ പണികൾ മുടങ്ങിയതും ഇതിനിടെ വിവാദമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.