കുളനട: പഞ്ചായത്തിലെ മാന്തുക ഗ്ലോബ് ജങ്ഷനിൽ ജലസേചന വകുപ്പിന്റെ അപകടക്കെണി. മാന്തുക- ഉള്ളന്നൂർ റോഡിൽ 400 മീറ്ററോളം ഭാഗത്ത് മൂന്നടി താഴ്ചയിലും ഒന്നര അടി വീതിയിലും ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ മണ്ണ് എടുത്തിരിക്കുകയാണ്. ഈ ഭാഗത്തെ മണ്ണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് ഒലിച്ചുപോയി എം.സി റോഡിനു സമീപം അടിഞ്ഞിരിക്കുകയാണ്.
റോഡ് ടാറിനോട് ചേർന്ന ഭാഗത്താണ് അപകടക്കെണിയായി ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡരികിനോട് ചേർന്ന് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് മൂന്ന് മാസത്തോളമായി. കഴിഞ്ഞ വ്യാഴാഴ്ച മുതലുണ്ടായ മഴയിൽ ഉയർന്ന ഭാഗത്തെ മണ്ണെല്ലാം ഒലിച്ചു പോവുകയായിരുന്നു.
കെണി അറിയാതെ റോഡരിക് ചേർന്ന് യാത്ര ചെയ്താൽ ഗർത്തത്തിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്. പതിവുപോലെ അശാസ്ത്രീയമായി പൈപ്പ് ലൈൻ ഇട്ടശേഷം വെറുതെ മണ്ണും മൂടി പോവുകയാണ് ജലസേചന വകുപ്പ് ചെയ്തിട്ടുള്ളത്. ദിവസങ്ങൾ പിന്നിട്ടിട്ടും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോ പഞ്ചായത്ത് അധികൃതരോ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുകയോ അപകടം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ഓട്ടോ സ്റ്റാൻഡ്, ബസ് സ്റ്റോപ്പ് കൂടാതെ സ്വകാര്യ-സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്നത വഴിയിലാണ് അനാസ്ഥ. ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ജലസേചന വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു. രക്ഷാധികാരി റിട്ട. എസ്.പി ജോർജ് വർഗീസ്, ചെയർമാൻ ഇ.എസ്. നുജുമുദീൻ, ജനറൽ സെക്രട്ടറി ജോൺസൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.