പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ യാത്രാ സൗകര്യം മുന്‍നിര്‍ത്തി നിര്‍ദേശിക്കപ്പെട്ട റെയില്‍പാതകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയോര ജില്ല. ജില്ലയിലൂടെയുള്ള രണ്ട് പാതയാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലുള്ളത്. ഇവ യാഥാർഥ്യമായാൽ ജില്ലയുടെ സമഗ്ര വികസനത്തിന് ഇതുവഴിയൊരുക്കും. പ്രത്യേകിച്ച് എരുമേലിയിൽ വിമാനത്താവളത്തിനുള്ള പ്രവർത്തനവും പുരോഗമിക്കുന്ന സാഹചര്യത്തിൽ. ചെങ്ങന്നൂര്‍-പമ്പ റെയില്‍പാതക്കായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പദ്ധതി നിര്‍ദേശം ക്ഷണിക്കുകയും ഡി.പി.ആര് സമര്‍പ്പിക്കുകയും ചെയ്തു. അങ്കമാലി-എരുമേലി ശബരി റെയില്‍പാത വര്‍ഷങ്ങള്‍ക്കു മുമ്പേ തയാറാക്കിയ പദ്ധതിയാണ്. ഇതിനു വിപുലീകരണമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങളും നല്കി. നിലവില്‍ 10 കിലോമീറ്ററില്‍ താഴെ മാത്രം റെയില്‍വേ ലൈനുള്ള പത്തനംതിട്ട ജില്ല പുതിയ പദ്ധതികളെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
നിര്‍ദിഷ്ട അങ്കമാലി-എരുമേലി ശബരി റെയില്‍പാത വിഴിഞ്ഞത്തേക്കു നീട്ടണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് നിര്‍ദേശം സമർപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍ സാഗര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നാണാവശ്യം. വിഴിഞ്ഞത്ത് പുതിയ തുറമുഖം വരുന്നതോടെയുണ്ടാകുന്ന ചരക്കു നീക്കം കൂടി കണക്കിലെടുത്ത് നിര്‍ദിഷ്ടപാത ബാലരാമപുരം വരെയെത്തിച്ച് അവിടെനിന്ന് വിഴിഞ്ഞവുമായി ലിങ്കുണ്ടാക്കണമെന്നാണ് ആവശ്യം.
എരുമേലി മുതല്‍ ബാലരാമപുരം വരെ 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. എരുമേലിയില്‍നിന്ന് ആരംഭിച്ച് ബാലരാമപുരം വരെ 13 റെയില്‍വേ സ്റ്റേഷനുകളാണ് നിർദിഷ്ട പാതയിൽ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അത്തിക്കയത്തിനു സമീപം എരുമേലി എയര്‍പോര്‍ട്ട് സ്റ്റേഷന്, പെരുനാട് റോഡ്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറംമൂട് റോഡ്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം എന്നിവയാണ് സ്റ്റേഷനുകള്‍. എരുമേലി വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്നതോടെ പാതയുടെ പ്രാധാന്യം വര്‍ധിക്കുമെന്നാണ് നിര്‍ദേശം. പുനലൂര്‍വഴി കടന്നുപോകുന്ന പാത ചെങ്കോട്ട പാതയിലെ യാത്രക്കാര്‍ക്കും ഉപകാരപ്രദമാകും. അങ്കമാലി-എരുമേലി പാതയുടെ പൂര്‍ത്തീകരണത്തിനു സംസ്ഥാന സര്‍ക്കാറിന്റെ പങ്കാളിത്തം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും അന്തിമ അലൈന്മെന്റ് നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ പോലുമായിട്ടില്ല. ഇതിനിടെയാണ് പുതിയ പാതകള്‍ക്കുവേണ്ടി സാധ്യതകള്‍ തേടുന്നത്.
ചെങ്ങന്നൂര്‍-പമ്പ റെയില്‍പാതയുടെ വിശദമായ പദ്ധതി രേഖ ഉടന്‍ റെയില്‍വേ ബോര്‍ഡ് പരിഗണനക്കെത്തും. 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ചെങ്ങന്നൂരില്‍നിന്ന് ആരംഭിച്ച് പമ്പാനദിയുടെ തീരത്തുകൂടി പമ്പവരെ നീളുന്നതാണ്.
ചെങ്ങന്നൂര്‍, ആറന്മുള, വടശ്ശേരിക്കര, പമ്പ എന്നിവയാണ് സ്റ്റേഷനുകള്‍. 7000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് തയാറാക്കിയിട്ടുണ്ട്. ഇരട്ടപ്പാതയാണ് നിര്‍മിക്കുകയെന്ന് ഡി.പി.ആറില്‍ പറയുന്നു.
പാതയുടെ 90 ശതമാനവും ജില്ലയിലാണ്. ചെങ്ങന്നൂരില്നിന്നാരംഭിച്ച് കല്ലിശ്ശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശ്ശേരിക്കര, മാടമണ്‍, അത്തിക്കയം, നിലക്കല്‍, അട്ടത്തോട്, ചാലക്കയം വഴി പമ്പയിലെത്തും. പാത യാഥാർഥ്യമാകുമ്പോൾ നിലവിലെ ചെങ്ങന്നൂര്‍ സ്റ്റേഷന് ജങ്ഷനായി മാറുന്നതിനൊപ്പം പാതയിലെ ആറന്മുള, വടശ്ശേരിക്കര, പമ്പ സ്റ്റേഷനുകള്‍ മെട്രോ മാതൃകയില്‍ നിര്‍മിക്കും. മണ്ഡല, മകരവിളക്കു കാലത്തു മാത്രമേ പാതയില്‍ ട്രെയിൻ സര്‍വിസ് ഉണ്ടാകൂ. തീര്‍ഥാടനകാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകരില്‍ 70 ശതമാനവും ചെങ്ങന്നൂര്‍ സ്റ്റേഷനിലാണ് ഇറങ്ങുന്നത്.
ഇവരുടെ തുടര്‍യാത്രക്കുള്ള സൗകര്യമെന്ന നിലയിലാണ് പുതിയ റെയില്‍പാതയുടെ നിര്‍ദേശമുണ്ടായത്. ശബരിമല തീർഥഘാടന കാലത്ത് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ചെങ്ങന്നൂർ-പമ്പ റൂട്ടിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.