പത്തനംതിട്ട: അനുമതി റദ്ദാക്കിയതോടെ പ്രവർത്തനം നിർത്തിവെച്ചിരുന്ന ബിറ്റുമിൻ പ്ലാന്റ് വീണ്ടും തുറന്നതോടെ സമര സമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. പ്ലാന്റിൽനിന്ന് ലോഡുമായി വന്ന വാഹനങ്ങൾ സമര സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഇതോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
രാവിലെ പ്ലാന്റിൽ എത്തിയ ലോറികൾ തടഞ്ഞതോടെ പൊലീസെത്തി സമരസമിതിയുമായി ചർച്ച നടത്തി. എന്നാൽ, ഒരു തരത്തിലും പ്ലാന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സമരസമിതി സ്വീകരിച്ചത്. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തിരുവല്ല ഡിവൈ.എസ്.പി നേരിട്ടെത്തി പ്ലാന്റ ഉടമയായി ചർച്ച ചെയ്തശേഷം പ്ലാന്റ് പ്രവർത്തനം നിർത്തിവെക്കുകയാണെന്നും വന്ന വാഹനങ്ങൾ ഇറക്കി വിടണമെന്നും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
എട്ടാം തീയതി ആർ.ടി.ഒയുമായി ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അറിയിച്ചു. പ്ലാൻറ് പ്രവർത്തനം നിർത്തിവെക്കുമെന്ന് രേഖാമൂലം ഉറപ്പുകിട്ടാതെ പിന്മാറില്ലെന്നും വാഹനങ്ങൾ കടത്തിവിടില്ലെന്നും സമരസമിതി നിലപാട് സ്വീകരിച്ചതോടെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.