പത്തനംതിട്ട: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമാധ്യാപകർക്കോ പ്രിൻസിപ്പലിനോ ശമ്പള ബില്ലുകൾ പാസാക്കാനുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ നടപടിക്കു പിന്നിൽ താൽക്കാലിക സാമ്പത്തിക നേട്ടമെന്ന് ആക്ഷേപം.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ട്രഷറികളിൽനിന്ന് നേരിട്ട് ശമ്പളം മാറാനുള്ള ഡ്രോയിങ് ആന്‍ഡ് ഡിസ്ബേഴ്സിങ് ഓഫിസർ പദവിയാണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. ധന വകുപ്പിന്റെ പുതിയ ഉത്തരവുമൂലം എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പളം കുറഞ്ഞത് രണ്ടുദിവസമെങ്കിലും വൈകിപ്പിക്കാനാകും. വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന രീതിയിൽ ശമ്പള ബില്ലുകൾ പാസാക്കാനാണ് പുതിയ ഉത്തരവ്.
ഇതനുസരിച്ച് എൽ.പി, യു.പി അധ്യാപകരുടെ ശമ്പള ബില്ലുകൾ അതത് എ.ഇ.ഒയും ഹൈസ്കൂൾ അധ്യാപകരുടേത് ഡി.ഇ.ഒയും ഹയർ സെക്കൻഡറിയുടേത് റീജനൽ ഡെപ്യൂട്ടി ഡയറക്ടറുമാണ് അംഗീകരിക്കേണ്ടത്.
സ്പാർക്ക് നിലവിൽവരുന്നതിനു മുമ്പുണ്ടായിരുന്ന രീതിയാണിത്. സ്പാർക്ക് നിലവിൽ വന്നതോടെ ഇതിലൂടെ ബില്ലുകൾ ഓൺലൈനായി ട്രഷറിയിലേക്ക് അയക്കാൻ കഴിയുമായിരുന്നു. സ്ഥാപന മേലധികാരിയുടെ ഡിജിറ്റൽ ഒപ്പ് സഹിതമുള്ള ബിൽ ട്രഷറിയിൽനിന്ന് പാസാക്കുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2013ലാണ് അധ്യാപക സംഘടനകളുടെ ദീർഘകാലമായ ആവശ്യത്തിന് അംഗീകാരം നൽകിയത്.
വിദ്യാഭ്യാസ ഓഫിസുകളിലെ കാലതാമസം ഇനി ശമ്പള ബില്ലുകളെ ബാധിക്കും. സംസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ ഓഫിസുകൾ നാഥനില്ലാ കളരികളാണ്. ഇക്കൊല്ലം എ.ഇ.ഒമാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റ നടപടികൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. നാൽപതിലധികം ഒഴിവുകൾ ഇപ്പോഴും നികത്തിയിട്ടില്ല. സൂപ്രണ്ടുമാരാണ് പലയിടത്തും വിദ്യാഭ്യാസ ഓഫിസർമാരുടെ ചുമതല വഹിക്കുന്നത്.
വിദ്യാഭ്യാസ ഓഫിസർമാരെ ഇടക്കുവെച്ച് മാറ്റാറുണ്ട്. ഇവരുടെ നിയമനത്തിലെ കാലതാമസം, വിരമിക്കൽ എന്നിവയെല്ലാം ശമ്പള ബില്ലുകളെ ബാധിക്കും. ഓരോ നിയമനത്തിനുശേഷവും ഡിജിറ്റൽ ഒപ്പ് തയാറാക്കി അംഗീകാരം വാങ്ങേണ്ടിവരും. ഇത്തരത്തിലുണ്ടാകുന്ന കാലതാമസത്തിലൂടെ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ വേതനം വൈകും.
ശമ്പള ബില്ലുകൾ വൈകുന്നത് ട്രഷറികളിലെ നിലവിലെ സാഹചര്യത്തിൽ താൽക്കാലികമായെങ്കിലും സർക്കാറിന് ആശ്വാസമാണ്. നിലവിൽ അഞ്ചിന് മുമ്പായി ശമ്പള ബില്ലുകൾ പാസാക്കി നൽകണമായിരുന്നു. ഇനി ഇപ്പോൾ നടപടിക്രമങ്ങളിലെ കാലതാമസത്തിന്റെ പേരിൽ വേതനം വൈകിപ്പിക്കാനാകും. പ്രഥമാധ്യാപകരുടെ ജോലിഭാരം കൂടുകയും ചെയ്യും. തയാറാക്കുന്ന ശമ്പള ബില്ലിന് വീണ്ടും ഒരു ഘട്ടംകൂടി വരുന്നതോടെ ഇതുമായി വിദ്യാഭ്യാസ ഓഫിസുകളിൽ കയറിയിറങ്ങേണ്ടി വരും. വിദ്യാഭ്യാസ ഓഫിസുകളിലും ജീവനക്കാർക്ക് ജോലിഭാരം കൂടും.
ശമ്പള ബിൽ പാസാക്കാനുള്ള അധികാരം എയ്ഡഡ് മേഖലയിലെ പ്രഥമാധ്യാപകർക്ക് എടുത്തുകളഞ്ഞ നടപടിയിൽ ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രത്യക്ഷ- ഭരണപക്ഷ അധ്യാപക സംഘടനകൾ സമരത്തിലാണ്.
ദീർഘനാളത്തെ സമരത്തിന്റെ ഭാഗമായി 2013 ജനുവരി 16ന് ഉമ്മൻ ചാണ്ടി സർക്കാറാണ് എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരിക്ക് സെല്‍ഫ് ഡ്രോയിങ് പദവി നൽകി ഇറക്കിയ ഉത്തരവ് ഒരു പതിറ്റാണ്ടിനുശേഷം തിരുത്തുന്നത് വിചിത്രമെന്ന് അധ്യാപക സംഘടനകൾ.
ഈമാസം മുതൽ എയ്ഡഡ് അധ്യാപകരുടെ പ്രതിമാസ ശമ്പള ബില്ലിൽ വിദ്യാഭ്യാസ ഓഫിസര്‍മാർ മേലൊപ്പ് ചാർത്തണമെന്ന് ഉത്തരവാണ് ഇറങ്ങിയത്. എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.
എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാറിന്റെ അമിതമായ ഇടപെടലുകള്‍ക്ക് അവസരമൊരുക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ സ്ഥാപിച്ചെടുക്കാനുമാണ് പുതിയ ഉത്തരവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ട്രഷറികൾ ഡിജിറ്റലൈസ് ചെയ്ത് സ്ഥാപന മേധാവികൾക്ക് നേരിട്ട് ശമ്പള ബില്ലുകൾ സമര്‍പ്പിക്കാനുള്ള അനുമതിയും നല്‍കിയതോടെ സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകര്‍ക്ക് സമയത്ത് ബില്ലുകൾ മാറിയെടുക്കാൻ കഴിഞ്ഞിരുന്നു. ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞാനുവര്‍ത്തികളായി മാറുക എന്നതാണ് ഈ പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് എ.എച്ച്.എസ്.ടി.എ കുറ്റപ്പെടുത്തി. ഇന്‍ക്രിമെന്റുകൾ, ഗ്രേഡുകൾ എന്നിവ പാസാക്കുന്നതിൽ അകാരണമായ കാലതാമസം വരുത്തുന്ന ചില ഓഫിസുകളിൽ ഈ ഉത്തരവ് അധ്യാപകരെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കും.
അമിത ജോലിഭാരം മൂലം ജീവനക്കാരെയും അധ്യാപകരെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാർ, പുതിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ ഓഫിസ് ജീവനക്കാരിലും അടിച്ചേൽപിക്കുകയാണ്. എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തില്‍നിന്നും സർക്കാർ പിന്മാറണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡന്റ പി. ചാന്ദിനി, ജനറൽ സെക്രട്ടറി ഡോ. അനിത ബേബി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷകരെന്ന് മേനിനടിക്കുകയും അനുദിനം അശാസ്ത്രീയ പരിഷ്കാരങ്ങൾ മേഖലയിൽ നടപ്പാക്കുകയും ചെയ്യുന്ന ഇടതുസർക്കാർ നാടിന് ബാധ്യതയെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി.
2013ൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ ഏറ്റവും ഉചിതമായ നടപടിയായിരുന്നു എയിഡഡ് സ്കൂൾ മേലധികാരികളെ സെൽഫ് ഡ്രോയിങ് ഓഫിസർമാരായി നിയമിച്ചത്. ശമ്പള ബിൽ അനുമതിക്കായി എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകർ എ.ഇ.ഒ, ഡി.ഇ.ഒ, ആർ.ഡി.ഡി ഓഫിസുകൾ കയറിയിറങ്ങുക എന്ന പഴയ അശാസ്ത്രീയ നയം പുനാരാവിഷ്കരിക്കുന്നതിലൂടെ നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽനിന്നും താൽക്കാലിക രക്ഷപ്പെടലിനുള്ള ഗൂഢതന്ത്രമാണ് സർക്കർ മെനയുന്നത്.
സംസ്ഥാനത്ത് നാൽപതോളം എ.ഇ.ഒ തസ്തികകളും 400 പ്രഥമാധ്യാപക ഒഴിവുകളും ഒന്നാം ടേം കഴിഞ്ഞിട്ടും നികത്താൻ താൽപര്യം കാട്ടാത്ത സർക്കാർ അനുദിനം വിവാദ ഉത്തരവുകളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത വളർത്തുകയാണെന്നും ജില്ല സമിതി കുറ്റപ്പെടുത്തി. ശമ്പളം വൈകിപ്പിക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാത്ത പക്ഷം നീതി ലഭിക്കാൻ കോടതിയെ സമീപിക്കുമെന്ന് ജില്ല പ്രസിഡന്റ് ഫിലിപ് ജോർജ്, സെക്രട്ടറി എസ്. പ്രേം എന്നിവർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
പത്തനംതിട്ട: ദീര്‍ഘനാളത്തെ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകർ നേടിയെടുത്ത അവകാശം ധനവകുപ്പ് അട്ടിമറിച്ചതിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ശമ്പള ബില്ലുകൾ ട്രഷറിയിൽ നൽകാൻ എയ്ഡഡ് സ്ഥാപന മേലധികാരികൾക്കു കഴിയുമായിരുന്നു. 2013 ജനുവരി 16ന് അന്നത്തെ സർക്കാറാണ് എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരിക്ക് സെല്‍ഫ് ഡ്രോയിങ് പദവി നൽകി ഉത്തരവ് പുറത്തിറക്കിയത്.
ഇതിലൂടെ ശമ്പള ബില്ലുകൾ പാസാക്കിയെടുക്കാൻ കഴിയുമായിരുന്നു. അലവൻസുകൾ, ദിവസ വേതനക്കാരുടെ ശമ്പളം തുടങ്ങിയവ ഇപ്പോഴും വിദ്യാഭ്യാസ ഓഫിസർമാരുടെ അംഗീകാരത്തോടെയാണ് പാസാക്കുന്നത്. പുതിയ ഉത്തരവ് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കെ.പി.പി.എച്ച്.എ ജില്ല സെക്രട്ടറി ബെന്നി ഒ. സൈമൺ പറഞ്ഞു.
കെ.പി.പി.എച്ച്.എ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്ത അവകാശമാണ് അട്ടിമറിക്കപ്പെട്ടത്. ഇതിൽ പ്രതിഷേധം കടുപ്പിക്കാനും പ്രക്ഷോഭരംഗത്തിറങ്ങാനും ജില്ല കമ്മിറ്റി തീരുമാനിച്ചു.
ജില്ല പ്രസിഡന്റ് ബി. ഷിബു അധ്യക്ഷത വഹിച്ചു. ബിജി ജോർജ്, പി.ജെ. സാറാമ്മ, ബെന്നി ഫിലിപ്, കൃഷ്ണകുമാരി, ഇ.ജി. മിനി, മിനി എസ്. ഈപ്പൻ മിനി കോശി, ഷൈനി എബ്രഹാം എന്നിവർ സംസാരിച്ചു.
പത്തനംതിട്ട: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പള ബിൽ ഒക്ടോബർ മുതൽ ജില്ല വിദ്യാഭ്യാസ ഓഫിസറുടെ അംഗീകാരത്തോടുകൂടി മേലൊപ്പ് വെച്ച് ട്രഷറിയിൽ സമർപ്പിക്കണമെന്ന സർക്കാർ ഉത്തരവ് ജീവനക്കാരെയും അധ്യാപകരെയും ബുദ്ധിമുട്ടിക്കുന്നു. അതത് സ്ഥാപന മേധാവികൾ ഒപ്പിട്ട് ശമ്പളബിൽ നേരിട്ട് ട്രഷറിയിൽ സമർപ്പിച്ച് ശമ്പളം കൈപ്പറ്റുന്ന നിലവിലെ രീതി തടഞ്ഞാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവ് നടപ്പാക്കുന്നതിലൂടെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൈകിപ്പിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലുള്ളത്. സാലറി ചലഞ്ചിൽ എയ്ഡഡ് മേഖലയിലെ അധ്യാപകർ ഉൾപ്പെടെ ജീവനക്കാരുടെ പങ്കാളിത്തം സർക്കാറിന്റെ പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. ഇതിന്റെ പ്രതികാരമായാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് സംശയിക്കുന്നു. ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്തുന്ന ഉത്തരവ് പിൻവലിച്ച് ശമ്പളം യഥാസമയം ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ട: എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബില്ലുകളും ഇതര ബില്ലുകളും പാസാക്കി എടുക്കുന്നതിന് പ്രിൻസിപ്പൽമാർക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് വൊക്കേഷനൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷനൽ ലെക്ചറേഴ്സ് അസോസിയേഷൻ (എൻ.വി.എൽ.എ) ആവശ്യപ്പെട്ടു.
സ്പാർക്ക് മുഖേന ബിൽ മാറുമ്പോൾ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്താൻ കഴിയുമെന്നു പറയുന്നത് അബദ്ധജഢിലമാണ്. സ്പാർക്ക് മുഖേന ശമ്പളം പാസാക്കിയെടുത്തതിൽ കേരളത്തിൽ ഒരിടത്തുപോലും ഒരു തരത്തിലുമുള്ള ക്രമക്കേടുകളും നടന്നിട്ടില്ലെന്നതാണ് യാഥാർഥ്യം. നിരവധി സംവിധാനങ്ങളെ മറികടന്ന് ട്രഷറികളിൽനിന്നും ധന വകുപ്പ് ജീവനക്കാർ കോടിക്കണക്കിന് രൂപ കളവുചെയ്തതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുന്നതിനു പകരം എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽമാരെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
കൃത്യമായി മാറുന്ന ശമ്പളം തടസ്സപ്പെടുത്താനും പ്രിൻസിപ്പൽമാരുടെ അധികാരം വെട്ടിച്ചുരുക്കാനും ജില്ല ഓഫിസുകളിൽ ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കാനും മാത്രമേ ഈ ഉത്തരവുകൊണ്ട് സാധിക്കുകയുള്ളൂ. ഉത്തരവ് റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.വി.എൽ.എ സംസ്ഥാന സെക്രട്ടറി റോജി പോൾ ഡാനിയേൽ പ്രസ്താനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.