പത്തനംതിട്ട: കൊക്കത്തോട് നീരാമക്കുളത്ത് കാട്ടാനകൾ കൂട്ടമായെത്തി ക്യഷി നശിപ്പിക്കുന്നു. മഴ കനത്തതോടെ ഇവ ഭക്ഷണംതേടി വനമേഖല വിട്ട് പുറത്തേക്ക് ഇറങ്ങിയതോടെ വലിയ നാശമാണുണ്ടാക്കുന്നത്. നെല്ലിക്കാപ്പാറ വാർഡിൽ നീരാമക്കുളം കിടങ്ങിൽ വി.ജെ. ജോസഫിന്റെ 100 മൂടോളം വാഴയാണ് രണ്ടു തവണയായി നശിപ്പിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ജോസഫ് പറഞ്ഞു. ഈ വർഷം രണ്ടാം തവണയാണ് കൃഷി നശിപ്പിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ കാർഷിക ലോൺ എടുത്താണ് കൃഷി ചെയ്തത്. വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലിയും തകർന്നിട്ട് എറെ നാളായി. പിന്നീട് ജോസഫ് 60,000 രൂപ മുടക്കി സ്വന്തമായി സ്ഥാപിച്ച വേലിയും കാട്ടാനകൾ തകർത്തു. വനമേഖലയോട് ചേർന്ന സ്ഥലമായതിനാൽ സദാസമയവും വന്യമൃഗശല്യമാണ്.
പ്രദേശത്ത് കൃഷി ചെയ്യുന്നതിനും ജീവിക്കാനും പറ്റാത്ത സാഹചര്യമാണ്. അടിസ്ഥാന വികസനത്തിലും ഈപ്രദേശങ്ങൾ പിന്നാക്ക അവസ്ഥയിലാണ്. കൊക്കാത്തോട്, മൂർത്തിമൺ, പുച്ചകുളം തുടങ്ങിയ പ്രദേശങ്ങളിൽ ഒരു വികസനവും എത്തിയിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാൻ ഇടയുള്ള വനമേഖലകളിലും വനാതിർത്തികളിലും താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു തയാറാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ മാറി താമസിക്കാൻ കുടുംബങ്ങൾ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകകളുടെ പരിശോധന പൂർത്തിയായതാണ്. എന്നാൽ, ഫണ്ടില്ലാത്തതിനാൽ പദ്ധതി ഇഴയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.