പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞയാഴ്ച വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യജീവൻകൂടി പൊലിഞ്ഞതോടെ വലിയ ആശങ്കയിലാണ് വനത്തോട് ചേർന്ന ജനവാസ മേഖലകൾ. ആനയും പുലിയും കടുവയും പന്നിയുമെല്ലാം ജനവാസ മേഖലകൾ കൈയടക്കിയതോടെ പ്രദേശവാസികൾ ബന്ദികളാക്കപ്പെട്ട നിലയിലാണ്.
പത്തനംതിട്ട ജില്ലയിൽ കോന്നി, കലഞ്ഞൂർ, തണ്ണിത്തോട്, കൊക്കാത്തോട് റാന്നിയിൽ പെരുനാട്, വടശേരിക്കര, പെരുന്തേനരുവി മേഖലകളാണ് കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജനം ഒറ്റപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ 20ാം തീയതി രാത്രി തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വീട്ടിൽ ദിലീപിനാണ് (57) കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ജനവാസ മേഖലയിൽ നിന്ന് അര കിലോമീറ്റർ മാറി വനത്തിൽ മീൻപിടിക്കാൻ പോകുന്നതിനിടെയാണ് മറഞ്ഞുനിന്ന കാട്ടാന ചവിട്ടിക്കൊന്നത്.
ഏഴാംതല പുളിഞ്ചാൽ വനത്തിൽ മുക്കല്ല് ഭാഗത്ത് കല്ലാറിന്റെ തീരത്ത് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓമനക്കുട്ടൻ ആനയെക്കണ്ട് ഓടിയതിനാൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഇതിനിടെയാണ് കഴിഞ്ഞദിവസം വടശേരിക്കര ബൗണ്ടറിയിൽ തെരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിക്കുന്നതിനിടെ കാട്ടാനയെ കണ്ട് ഭയന്നോടി ചെമ്പരത്തിമൂട്ടിൽ മജീഷ് മനോഹരന് (48) വീണ് പരിക്കേറ്റത്.
പോസ്റ്റർ ഒട്ടിച്ച് നിൽക്കുന്നതിനിടെ റബർ തോട്ടത്തിൽനിന്ന് റോഡിലേക്ക് കയറിവന്ന ആന, മജീഷ് ഉൾപ്പെട്ട സുഹൃത്തുക്കളുടെ നേരെ പാഞ്ഞടുത്തു. എല്ലാവരും ചിതറി ഓടുന്നതിനിടെ റോഡിന്റെ താഴെ പറമ്പിലേക്ക് എടുത്തുചാടിയ മജീഷിനൊപ്പം ആനയുംചാടി. പിന്നീട് റോഡിലേക്ക് കഷ്ടപ്പെട്ട് കയറി വന്ന മജീഷിനെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും സുഹൃത്തുക്കളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴി, തട്ടാക്കുടി പ്രദേശങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീതിയിലാണ്. കാടിനോടു ചേർന്ന പ്രദേശമായതിനാൽ പുലിയും ആനയും പന്നിയുമെല്ലാം നാട്ടിൽ സ്വൈരവിഹാരം നടത്തുന്നു. പുലിയുടെശല്യം ഏറെനാളായി അനുഭവിക്കുകയാണ്. സന്ധ്യകഴിഞ്ഞാൽ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ ഭയമാണ്.
പിടികൂടാൻ സ്ഥാപിക്കുന്ന കൂടുകളിൽ പുലിയും കടുവയും അകപ്പെടാത്തതും ജനങ്ങളെയും അധികൃതരെയും മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്. ആഴ്ചകളായി ഒരുക്കിയ കൂടുകൾ അവസാനം പൊളിച്ചുകൊണ്ടുപോകേണ്ട അവസ്ഥയിലാണ് വനംവകുപ്പ്.
വന്യജീവികൾ കൂട്ടിലകപ്പെടുന്നത് അത്യപൂർവ സംഭവമായി മാറിക്കഴിഞ്ഞു. കൂടുള്ളപ്പോൾ തന്നെ പലതവണ പുലി നാട്ടിലിറങ്ങിയ സംഭവങ്ങളുമുണ്ട്. വളർത്തുമൃഗങ്ങൾക്കു നേരെയാണ് പുലിയുടെ ആക്രമണം ഏറെയുണ്ടായിട്ടുള്ളത്.
സാധാരണക്കാരും കർഷകരുമാണ് പ്രദേശവാസികൾ. ഏറെപ്പേരും കാലിവളർത്തലിൽ ഉപജീവനം തേടുന്നവരാണ്. കന്നുകാലികളെ പുലി ആക്രമിച്ചു തുടങ്ങിയതോടെ പലർക്കും ജീവനോപാധി തന്നെ നഷ്ടമായി. റബർ ടാപ്പിംഗാണ് മറ്റൊരു ജീവനോപാധി. പുലിയുടെയുംമറ്റും ശല്യംകാരണം ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. റബർ തോട്ടങ്ങളിൽ കാട്ടുമൃഗശല്യം ഉള്ളതിനാൽ പലയിടത്തും മാസങ്ങളായി ടാപ്പിംഗ് നിർത്തിവെച്ചിരിക്കുകയാണ്.
മിക്കവീടുകളിലും പശുവളർത്തലുണ്ട്. മുമ്പൊക്കെ വനമേഖലയിലേക്കും റബർതോട്ടങ്ങളിലേക്കും ഇവയെ അഴിച്ചുവിട്ട് വളർത്തുന്നതായിരുന്നു രീതി. തീറ്റ തേടിപോകുന്ന പശുക്കൾ വൈകുന്നേരം തിരിച്ചെത്തുമായിരുന്നു. ഇന്നിപ്പോൾ പശുക്കളെ പുറത്തേക്ക് ഇറക്കാനാകാത്ത സ്ഥിതിയാണ്.
ജില്ലയിൽ വനമേഖലയോട് ചേർന്ന പല ഗ്രാമങ്ങളിലും പശുവിയെും ആടിനെയും പുലി ആക്രമിച്ചുകൊന്നിട്ടുണ്ട്. വളർത്തുനായ്ക്കളെ വ്യാപകമായി പിടിച്ചുകൊണ്ടുപോകുന്നുണ്ട്.
പൂമരുതിക്കുഴി വൃന്ദാവനിൽ അമ്മിണിയുടെ വീട്ടിലെ വളർത്തുനായയെ രണ്ട് ആഴ്ച മുമ്പ് നഷ്ടപ്പെട്ടു. പുലി വളർത്തുനായയെ ആക്രമിക്കുന്നത് അമ്മിണി കണ്ടിരുന്നു. ഒറ്റയ്ക്കുകഴിയുന്ന അമ്മിണിക്ക് ഒന്നും ചെയ്യാനാകാത്ത സാഹചര്യമായിരുന്നു.
പുലർച്ചെയോടെയാണ് പുലി എത്തിയത്. ആളനക്കം കേട്ടതോടെ വളർത്തുനായയെ ആക്രമിച്ച പുലി കടന്നുകളഞ്ഞെങ്കിലും നായ പിന്നീട് ചത്തു.
പത്തനംതിട്ട- കൊല്ലം ജില്ലകളുടെ അതിർത്തിയായ കലഞ്ഞൂരിൽ മാങ്കോട് ഭാഗത്തുനിന്ന് താട്ടക്കുടിയിലേക്കുള്ള റോഡിലുടനീളം സമീപകാലത്തായി കാട്ടാനകളുടെ ശല്യമാണ്. കാടുവിട്ടിറങ്ങിയ ആനകൾ തിരികെ കയറാതെ നാട്ടിൽ തന്നെയുണ്ട്.
വൈകുന്നേരവും പുലർച്ചെയും തുടർച്ചയായി ആളുകൾ ആനയെ റോഡിൽ കണ്ടു. ടാപ്പിംഗ് ജോലിക്കാരും മറ്റും പുലർച്ചെ സഞ്ചരിക്കുന്ന വഴിയാണിത്. ആനയെ തുടർച്ചയായ ദിവസങ്ങളിൽ കണ്ടതോടെ സന്ധ്യകഴിഞ്ഞാൽ നേരം പുലരുംവരെ ആരും റോഡിലേക്ക് വരാതെയായി.
കാട്ടാനയും പുലിയും പന്നിയുമെല്ലാം നിരന്തരം ശല്യമുണ്ടാക്കുന്ന പൂമരുതിക്കുഴി, തട്ടാക്കുടി പ്രദേശങ്ങളിൽ നിന്നും പുറംലോകത്തേക്ക് യാത്രാ സൗകര്യവും കുറവാണ്. കുട്ടികൾ ആറ് കിലോമീറ്റർ അകലെ പാടം സ്കൂളിലെത്തിയാണ് പഠിക്കുന്നത്.
ഇവരിലധികംപേരും കാൽനടയായാണ് സഞ്ചരിക്കുന്നത്. അടൂരിൽ നിന്നും മുമ്പ് പൂമരുതിക്കുഴിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസുണ്ടായിരുന്നു.
ഇതിപ്പോൾ രാവിലെയും വൈകുന്നേരവുമായി വെട്ടിച്ചുരുക്കി. എട്ട് ട്രിപ്പുകൾ ഉണ്ടായിരുന്ന ബസിന് ഇപ്പോൾ രണ്ട് ട്രിപ്പുകളാണുള്ളത്. ഇതാകട്ടെ വിദ്യാർഥികൾക്കു പ്രയോജനപ്രദമാകുന്നുമില്ല. സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് കുട്ടികൾ അട ക്കമുള്ളവരുടെ യാത്ര.
പെരുനാട്ടിൽ മൂന്നാഴ്ച്ചമുമ്പ് ഒരു മ്ലാവിനെ കൊന്ന നിലയിൽ കണ്ടതോടെയാണ് പ്രദേശത്തു കടുവയുടെ സാന്നിധ്യം വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. തുടർച്ചയായിഇവിടെ വളർത്തു മൃഗങ്ങൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. പെരുന്തേനരുവി ഭാഗത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ നാശംവരുത്തുന്നത് സ്ഥിരംസംഭവമാണ്.
പെരുന്തേനരുവിയിലേക്കുള്ള ഉന്നത്താനി - കുടമുരുട്ടി റോഡരികിൽ കാട്ടാന സാന്നിധ്യമുണ്ട്. സമീപത്തുള്ള പമ്പാ നദിയിൽ വെളളം കുടിക്കാനെത്തുന്നതാണ് ആനകളെന്ന് വനപാലകർ പറയുന്നു.
നാറാണംമൂഴി പഞ്ചായത്തിലെ ചണ്ണ, കുടമുരുട്ടി , കൊച്ചു കുളം പ്രദേശങ്ങളിൽ നേരത്തെ മുതൽ ജനവാസ മേഖലകളിൽ കാട്ടാന ശല്യം മൂലം കർഷകർ പൊറുതിമുട്ടുകയാണ്. കാർഷിക വിളകൾ അപ്പാടെ നശിപ്പിക്കപ്പെടുകയും വീടുകൾക്കു നേരെ പോലും ശല്യമുണ്ടാവുകയും ചെയ്യാറുണ്ട്. അതോടൊപ്പം മേഖലയിൽ കാട്ടുപോത്തിന്റെയും പുലിയുടെയും സാന്നിധ്യമുള്ളതിനാൽ ഭയപ്പാടോടെയാണ് പലപ്പോഴും ആളുകൾ കഴിയുന്നത്.
പെരുനാട് മുണ്ടൻ മലയിലെ റബർ തോട്ടത്തിൽ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ പ്രദേശവാസിയുടെ ആട് കൊല്ലപ്പെട്ടിരുന്നു.
ആടിനെ ഭക്ഷിച്ച നിലയിൽ ഏതാനും അവശിഷ്ടങ്ങളാണ് നാട്ടുകാർ കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പ് കടുവയുടെ സാന്നിധ്യമുണ്ടായിരുന്ന ഈ ഭാഗങ്ങളിൽ കർഷകരുടെ കന്നുകാലികളെയും ആടുകളെയും കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. പിന്നാലെയാണ് മ്ലാവിന്റെ ജഡവും കണ്ടത്.
ഈ ഭാഗങ്ങളിൽ പിന്നീട് വനപാലകരെത്തി കൂടു സ്ഥാപിച്ചെങ്കിലും കടുവയെ പിടിക്കാൻ കഴിഞ്ഞില്ല. ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെയും പുലിയുടെയും സാന്നിധ്യമുള്ളതിനാൽ ഭയപ്പാടോടെയാണ് പലപ്പോഴും ആളുകൾ കഴിയുന്നത്.
വന്യമൃഗ ഭീഷണിയിൽ നിന്നും പ്രദേശവാസികൾക്ക് സംരക്ഷണം നൽകാൻ യാതൊരു നടപടികളും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുലിയോ കടുവയോ നാട്ടുകാരുടെ ഉറക്കം കെടുത്തിയാൽ കൂട് വയ്ക്കാൻ പോലും ഉന്നതരുടെ അനുമതി വേണ്ടതിനാൽ അതിനും കാലതാമസം വരുന്നുണ്ട്. കാട്ടാന കർഷക മേഖലയിൽ കടന്ന് എന്തൊക്കെ നാശനഷ്ടം വരുത്തിയാലും വനപാലകർ ഗൗനിക്കാറില്ല.
മുള്ളൻപന്നിയുട സാന്നിധ്യം ജില്ലയിലെങ്ങും ഏറെ ഭീതിയായി മാറിയിരിക്കുകയാണ്.
ആഴ്ച്ചകൾക്ക് മുമ്പ് റാന്നി ഉതിമൂട്ടിൽ ബൈക്ക് യാത്രക്കാരനായ യുവാവിനു നേരെ മുള്ളൻപന്നിയുടെ ആക്രമണമുണ്ടായി. ബൈക്കിനു കുറുകെ ചാടിയ മുള്ളൻ പന്നി മുള്ളു പൊഴിച്ച് യുവാവിനെ ആക്രമിച്ചു. ഉതിമൂട് വാലുമണ്ണിൽ വിഷ്ണുവിനാണ് (28) പരിക്കേറ്റത്. രാത്രി എട്ടോടെ കീക്കൊഴൂർ - ഉതിമൂട് റോഡിലൂടെ വരികയായിരുന്നു വിഷ്ണു.
ഉതിമൂട് ഒലിവുമല ഓഡിറ്റോറിയത്തിനു സമീപം മുള്ളൻപന്നി ഇടിച്ചതിനേ തുടർന്നു താഴെ വീണ വിഷ്ണുവിനു ആക്രമിച്ചത്. മുള്ളുകൾ വിഷ്ണുവിന്റെ ദേഹത്തു തറച്ചു. ശരീരമാസകലം മുള്ളുകൾ കുത്തിക്കയറിയതിനേ തുടർന്ന് സാരമായി പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.