പെരുമ്പിലാവ്: കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻറ് കെ. വിശ്വംഭരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ. രഘുനാഥ്, വിഘ്നേശ്വര പ്രസാദ് എന്നിവരെ മർദിച്ച കേസിൽ 11 സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും.
ആൽത്തറ കണ്ണാടിവളപ്പിൽ സുധീഷ്, സഹോദരങ്ങളായ സുബീഷ്, സനീഷ്, തിപ്പലിശ്ശേരി സ്വദേശികളായ തയ്യരുവളപ്പിൽ ദീപേഷ്, പടിക്കലയിൽ മണികണ്ഠൻ, തച്ചാട്ടിരി ആദർശ്, തച്ചാട്ടിരി നിഖിൽ, മേലുവീട്ടിൽ ആകാശ്, തെരണ്ടയിൽ അജി, തെരണ്ടയിൽ സനത്, ആനക്കല്ല് പൊക്കക്കില്ലത്ത് സഹൽ എന്നിവരെയാണ് ചാവക്കാട് സബ് കോടതി ശിക്ഷിച്ചത്.
ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി പ്രസിഡൻറ് ദീപേഷ്, സി.ഐ.ടി.യു തൊഴിലാളികളായ സുധീഷ്, മണികണ്ഠൻ എന്നിവർക്ക് രണ്ടുവർഷം തടവും മറ്റുള്ളവർക്ക് ആറുമാസം തടവുമാണ് ശിക്ഷ. 72,500 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. മർദനമേറ്റ മൂന്നുപേർക്ക് പിഴ സംഖ്യ തുല്യമായി വീതിച്ചുനൽകാനും കോടതി വിധിച്ചു.
2015 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളത്ത് കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ കഴിഞ്ഞ് ബൈക്കിൽ മടങ്ങിയ കോൺഗ്രസ് നേതാക്കളെ പെരുമ്പിലാവ് ആൽത്തറയിൽ തടഞ്ഞുനിർത്തി മർദിച്ചെന്നാണ് കേസ്. സംഘർഷം ലക്ഷ്യമിട്ട് സംഘം ചേർന്നതിനും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരം 13 പ്രതികൾക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഇതിൽ ഒരാൾ വിചാരണക്കിടെ മരിച്ചു. നാലാം പ്രതി തിപ്പലിശ്ശേരി പൊപ്പക്കോട്ടിൽ നസീർ വിദേശത്തേക്കു മുങ്ങി. ഇയാൾക്കെതിരെയുള്ള കേസ് നിലവിലുണ്ട്. പരാതിക്കാർക്കു വേണ്ടി ഗവ. പ്ലീഡർ ഷൈജു മുട്ടത്ത്, അഡ്വ. കെ.ഡി. വിനോജ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.