തൃശൂർ: സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ മൂന്നാം സെമസ്റ്ററിൽ റാങ്ക് ലിസ്റ്റിലുൾപ്പെടാതെ ലാറ്ററൽ എൻട്രി വിഭാഗത്തിൽ പഠനം തുടർന്നത് 235 വിദ്യാർഥികൾ. 23 കോളജുകളിൽ പ്രവേശനം ലഭിച്ച ഇവർക്ക് ഒരുതരത്തിലും പഠനം തുടരാനാവില്ലെന്ന് സാങ്കേതിക സർവകലാശാല കോളജ് മാനേജ്മെൻറുകളെ അറിയിച്ചിരുന്നു. ഇതിനെതിരെ കോളജുടമകൾ ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയ പശ്ചാത്തലത്തിൽ മാനേജ്മെൻറുകൾക്കെതിരെ വിദ്യാർഥികൾ രംഗത്ത് വന്നു. വിവരം മറച്ചുവെച്ച് ഒരുവർഷമായി തങ്ങളിൽനിന്ന് ഫീസ് വാങ്ങി മാനേജ്മെൻറുകൾ വഞ്ചിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്ക് പഠനം തുടരാനാവില്ലെന്ന് കഴിഞ്ഞ ജനുവരിയിൽ സർവകലാശാല സ്വാശ്രയ കോളജുകളെ അറിയിച്ചിരുന്നു. എന്നാൽ, അധികൃതർ അക്കാര്യം മറച്ചുവെച്ചു. പിന്നീട് മാർച്ചിലും ഏപ്രിലിലും പരീക്ഷക്ക് ദിവസങ്ങൾ മുമ്പാണ് വീണ്ടും സർവകലാശാലയിൽനിന്ന് കർശന നിർദേശം എത്തിയപ്പോഴാണ് വിദ്യാർഥികളെ അറിയിച്ചത്. അപ്പോഴേക്കും മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പടിവാതിലിലും നാലാം സെമിസ്റ്റർ ക്ലാസുകൾ തുടങ്ങുന്ന അവസ്ഥയിലുമായിരുന്നു. ഈ വിദ്യാർഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിച്ചില്ല.
വിവിധ പോളിടെക്നിക് കോഴ്സുകളുടെ പഠനശേഷമാണ് വിദ്യാർഥികൾ ലാറ്ററൽ എൻട്രി പ്രവേശനം (എൽ.ഇ.ടി) നേടേണ്ടത്. കോവിഡ് സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങൾ അടച്ചിട്ടതിനാൽ റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാനുള്ള സാഹചര്യമുണ്ടായില്ല. സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടിയ ശേഷവും സർവകലാശാല തീയതി ദീർഘിപ്പിച്ചിരുന്നെങ്കിലും കോളജ് അധികൃതർ അത് കാര്യമാക്കേണ്ടെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയായിരുന്നത്രേ. ഇതിനാൽ ആ അവസരവും നഷ്ടപ്പെട്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ പി.എസ്. വൈഷ്ണവ്, കെ.എസ്. അഖിൽ, എ.ആർ. ശ്രീലക്ഷ്മി, കെ.എസ്. അഖിൽ, വിമൽ മേനോൻ, കെ.യു. ദർശന, നവനീത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.