മറ്റത്തൂര്‍ (തൃശൂർ): ചാക്കുകളില്‍ നിറച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിച്ചതിന് തമിഴ്‌നാട് സ്വദേശിനിയില്‍നിന്ന് മറ്റത്തൂര്‍ പഞ്ചായത്ത് 4000 രൂപ പിഴ ഈടാക്കി. മറ്റത്തൂര്‍കുന്നില്‍ താമസിക്കുന്ന മംഗലത്ത് തുളസിയില്‍ നിന്നാണ് പിഴ ഈടാക്കിയത്. പഞ്ചായത്തിനെ പ്ലാസ്റ്റിക് രഹിതമാക്കാൻ ഹരിത കര്‍മസേന വഴി വീടുകളില്‍നിന്നും കച്ചവട സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കലും ഖരമാലിന്യ സംസ്‌കരണത്തിനായി പ്രത്യേക കര്‍മപദ്ധതിയടക്കം മാതൃകാ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പ്ലാസ്റ്റിക് കത്തിച്ച സംഭവമുണ്ടായത്.
വീടുകളില്‍നിന്ന് അശാസ്ത്രീയമായി പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന തുളസി ഇതിന് തീയിട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വീടുകളില്‍നിന്ന് പ്ലാസ്റ്റിക് കവറുകളും മറ്റു പാഴ്വസ്തുക്കളും ശേഖരിച്ച് വില്‍പന നടത്തി വന്നിരുന്ന തുളസി പ്ലാസ്റ്റിക് വില്‍പന നടക്കാതായപ്പോള്‍ പഞ്ചായത്ത് ഹരിത കര്‍മസേനയോട് ചാക്കുകൾ കൊണ്ടുപോയാൽ ആയിരം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു.
ഹരിത കര്‍മ സേന ഇക്കാര്യം പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് പ്ലാസ്റ്റിക് ചാക്കുകള്‍ അര്‍ധരാത്രി കത്തിച്ചതായി പരാതി ലഭിച്ചത്. തെളിവായി വിഡിയോയും പഞ്ചായത്തിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നാലായിരം രൂപ പിഴ ഈടാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അറിയിച്ചു. പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെ ഇത്തരം കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.