തൃശൂർ: പട്ടാപ്പകൽ ബസ് സ്റ്റോപ്പിൽ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞെത്തി മർദിക്കുകയും യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തവർ അറസ്റ്റിൽ. ചിയാരം സ്വദേശികളായ കളവൻ പറമ്പിൽ കൊച്ചുമോൻ (ഉണ്ണികൃഷ്ണൻ -68), നെല്ലിപറമ്പിൽ സുജിത്ത് (41), നെല്ലിപറമ്പിൽ വീട്ടിൽ സുനിൽ (52) എന്നിവരെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.
ചിയ്യാരം ആൽത്തറ ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ സംസാരിച്ചിരുന്ന യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ബസ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും അടുത്തേക്കെത്തിയ സമീപത്തെ ചിക്കൻ കട നടത്തിപ്പുകാരനായ കൊച്ചുമോൻ ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവാവ് പ്രതികരിച്ചതോടെ, കൊച്ചുമോൻ തിരിച്ചുപോയി സുഹൃത്തുക്കളായ ഹോട്ടൽ നടത്തിപ്പുകാരൻ സുജിത്തിനെയും മറ്റൊരു സുഹൃത്തായ സുനിലിനെയും കൂട്ടി തിരിച്ചുവന്ന് യുവതിയെയും യുവാവിനെയും ആക്രമിക്കുകയായിരുന്നു. പ്രതികൾ വടിയെടുത്ത് നടത്തിയ ആക്രമണത്തിൽ യുവാവിനും യുവതിക്കും ചെറിയ പരിക്കുകളുണ്ട്.
പ്രതികളിലൊരാൾ യുവതിയുടെ കൈ പിടിച്ചു തിരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ കേസെടുത്ത പൊലീസ് യുവതിയും യുവാവും നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ മൂന്നു പ്രതികളെയും പിടികൂടുകയായിരുന്നു.
നെടുപുഴ സബ് ഇൻസ്പെക്ടർ അനുദാസ്, എ.എസ്.ഐമാരായ രാംകുമാർ, ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ, സിവിൽ പൊലീസ് ഓഫിസർ പ്രിയൻ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.